ദില്ലി: മണിപ്പൂര്‍ വിഷയത്തില്‍ യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ പ്രതിഷേധം കനക്കുന്നു. സമാധാനം വേണമെന്ന ആവശ്യമുയര്‍ത്തിയും ബിജെപി സര്‍ക്കാരിന്റെ നിസ്സംഗത ചൂണ്ടിക്കാട്ടിയുമാണ് ക്രിസ്ത്യന്‍ സംഘടനകളുടെ പ്രതിഷേധ സമരം. വംശഹത്യ നേരിടുന്ന മണിപ്പൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള സമ്മേളനങ്ങളും തുടരുകയാണ്.
കഴിഞ്ഞദിവസം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്താണ് പ്രതിഷേധം അരങ്ങേറിയത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് എന്ന സംഘടനയാണ് യു എന്‍ ആസ്ഥാനത്തെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചതിനുശേഷം ആരംഭിച്ച പ്രതിഷേധത്തില്‍ നിരവധി ഇന്ത്യന്‍ ചര്‍ച്ചുകളെ പ്രതിനിധീകരിച്ച് പാസ്റ്റര്‍മാരും നേതാക്കളും പങ്കെടുത്തു. ബിഷപ്പ് മോന്‍സി ഇട്ടി, പാസ്റ്റര്‍ ഗബ്രിയേല്‍, പീറ്റര്‍ ഫ്രെഡ്‌റിച്ച്, ജിമ്മി ക്രിസ്ത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അതിനുശേഷം മണിപ്പൂര്‍ ഐക്യദാര്‍ഢ്യം സമ്മേളനവും സംഘടിപ്പിച്ചിരുന്നു.