തിരുവനന്തപുരം : സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ ബാങ്ക് വിളി കേട്ടില്ലെന്ന പരാമര്‍ശം പിൻവലിച്ച മന്ത്രി സജി ചെറിയാന്റെ നടപടി സൂചിപ്പിച്ച് വീണ്ടും സ്പീക്കർ ഷംസീറിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സൗദി അറേബ്യ ബാങ്ക് വിളിയുമായി ബന്ധപ്പെട്ട് പ്രസ്താവനയിൽ മാപ്പു പറയാനും പറഞ്ഞത് പിൻവലിക്കാനും മന്ത്രി സജി ചെറിയാന് ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ല. മതനിന്ദയോ പ്രവാചകനിന്ദയോ ഒട്ടുമില്ലാത്ത പ്രസ്താവനയായിട്ടുപോലും സജി ചെറിയാന് പറഞ്ഞത് വിഴുങ്ങേണ്ടിവന്നു. ഗണപതിനിന്ദ നടത്തിയ ഷംസീർ പറഞ്ഞതിൽ ഉറച്ചുതന്നെ നിൽക്കുന്നു. താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ എന്നർത്ഥം. ഇടതുപക്ഷ(ച്ച) തന്നെയെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ ബാങ്ക് വിളി കേട്ടില്ലെന്ന പരാമര്‍ശം തനിക്ക് ലഭിച്ച തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ചതാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ തന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. സൗദിയില്‍ സന്ദര്‍ശനം നടത്തിയ അവസരത്തില്‍ മതാനുഷ്ഠാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും അന്യനാട്ടുകാരോടും അവര്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികന്‍ പറഞ്ഞതാണ് താന്‍ പരാമര്‍ശിച്ചതെന്നും സജി ചെറിയാന്‍ പറയുന്നു.