പത്തനംതിട്ട: തിരുവല്ല പരുമലയില്‍ നഴ്സ് വേഷത്തില്‍ ആശുപത്രിയില്‍ കടന്ന് കയറി യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ആക്രമണത്തിനിരയായ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. രണ്ടാം തവണയാണ് അരുണിനെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചുവരുത്തിയത്. പിടിയിലാവുന്നതിന് മുമ്പ് അനുഷ ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ അരുണിനോട് പോലീസ് ചോദിച്ചറിഞ്ഞു.
പുളിക്കീഴ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ അരുണിനെ രണ്ടര മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തു. പ്രതി അനുഷയുമായുള്ള ബന്ധം, കൊലപാതക ശ്രമത്തിന് മുമ്പ് അനുഷ അരുണിനയിച്ച മെസേജുകള്‍ തുടങ്ങിയവയുടെ വിവരങ്ങളാണ് പോലീസ് ശേഖരിച്ചത്. ആദ്യ തവണത്തെ ചോദ്യം ചെയ്യില് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അരുണ്‍ വീണ്ടും ആവര്‍ത്തിച്ചത്. അനുഷ അയച്ച മെസേജുകളുടെ വിവരങ്ങള്‍ പോലീസിനോട് വിശദീകരിച്ചു. വധശ്രമത്തിന്റെ ആസൂത്രണം സംബന്ധിച്ച് അറിയില്ലെന്നാണ് അരുണിന്റെ വാദം.