വാഷിംങ്ടണ്‍: കാപ്പിയില്‍ വിഷം കലര്‍ത്തി നല്കി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. യു.എസിലെ അരിസോണയിലാണ് സംഭവം. മെലഡി ഫെലിക്കാനോ ജോണ്സണ് എന്ന യുവതിയെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവര്‍ കാപ്പിയില്‍ വിഷം ചേര്‍ത്താണ് ഭര്‍ത്താവിന് നല്‍കിയിരുന്നത്. മാര്‍ച്ച് മാസത്തിലാണ് തന്റെ കാപ്പിയില്‍ രുചിവ്യത്യാസം യുഎസിലെ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് റോബി ജോണ്സണ് കണ്ടെത്തുന്നത്.
തുടര്‍ന്ന് ‘പൂള് ടെസ്റ്റിങ് സ്ട്രിപ്പ്സ്’ ഉപയോഗിച്ച് ജോണ്സണ് പരിശോധന നടത്തിയതോടെ കാപ്പി തയ്യാറാക്കുന്ന പാത്രത്തില്‍ ഉയര്‍ന്ന അളവില്‍ ക്ലോറിന്റെ സാന്നിധ്യം കണ്ടെത്തി. പിന്നാലെ വീട്ടില്‍ പലയിടത്തായി ഒളിക്യാമറകള്‍ സ്ഥാപിച്ച റോബി ജോണ്സണ് ഭാര്യ കാപ്പിയില്‍ വിഷം കലര്‍ത്തുന്നത് കണ്ടെത്തുകയായിരുന്നു. പാത്രത്തില്‍ ബ്ലീച്ച് നിറയ്ക്കുന്നതും കോഫി മെയ്ക്കറില്‍ ഇടുന്നതും ദൃശ്യങ്ങളില്‍ കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ ഇയാള്‍ പോലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ പിടികൂടി.