മലപ്പുറം: സര്‍ക്കാര്‍ അവഗണനയിലും അനാവശ്യ ഇടപെടലിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവന്‍ അക്ഷയകേന്ദ്രങ്ങളും ബുധനാഴ്ച പണിമുടക്കുമെന്ന് സ്റ്റേറ്റ് ഐ.ടി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. അബ്ദുല്‍ നാസര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സാധാരണക്കാരുടെ സേവനകേന്ദ്രമായ അക്ഷയകേന്ദ്രങ്ങള്‍ പൊതുവെ പ്രതിസന്ധിയിലാണ് മുന്നോട്ടുപോവുന്നത്. അതിനിടെ അനാവശ്യമായി വിജിലന്‍സ് പരിശോധന നടത്തി അക്ഷയകേന്ദ്രങ്ങള്‍ അഴിമതികേന്ദ്രങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുകയാണ്. ഏതെങ്കിലും കേന്ദ്രത്തില്‍ സേവനത്തിന് അമിതഫീസ് ഇടാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടിയെടുക്കുന്നതിനുപകരം അക്ഷയകേന്ദ്രങ്ങളില്‍ മുഴുക്കെ വിജിലന്‍സ് കയറിയിറങ്ങിയത് പ്രതിഷേധാര്‍ഹമാണ്. അനാവശ്യ പരിശോധനകളും നിയന്ത്രണങ്ങളും ഒഴിവാക്കുക, വര്‍ഷങ്ങള്‍ക്കുമുമ്പ് നിശ്ചയിച്ച സേവന നിരക്ക് പരിഷ്‌കരിക്കുക, അക്ഷയ സംരംഭക പ്രതിനിധികളുടെ യോഗം വിളിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.