കൊച്ചി: ഓഗസ്റ്റ് 7, 8 തീയ്യതികളില്‍ എറണാകുളം ഡി ക്യാബിനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ മാറ്റം വരുത്തിക്കൊണ്ട് റെയില്‍വെ അറിയിപ്പ്. എറണാകുളത്തിനും കായംകുളത്തിനും ഇടയിലുള്ള സ്റ്റോപ്പുകളിലാണ് മാറ്റം വരുന്നത്. വിശദ വിവരങ്ങള്‍ ഇങ്ങനെ. എട്ടാം തീയ്യതി രാത്രി പുറപ്പെടുന്ന 16348 മംഗലാപുരം – തിരുവനന്തപുരം എക്‌സ്പ്രസ് പിറവം റോഡ്, കോട്ടയം ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഒഴിവാക്കി ആലപ്പുഴ വഴിയായിരിക്കും ഓടുന്നത്. എട്ടാം തീയ്യതി മധുരയില്‍ നിന്ന് പുറപ്പെടുന്ന 16344 മധുര ജംഗ്ഷന്‍ – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് ആലപ്പുഴ വഴിയായിരിക്കും തിരുവനന്തപുരത്ത് എത്തുന്നത്. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകില്ല.
എട്ടാം തീയ്യതി നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന 16350 നിലമ്പൂര്‍ റോഡ് – കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ആലപ്പുഴ വഴി സര്‍വീസ് നടത്തും. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകില്ല. ഏഴാം തീയ്യതി നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടുന്ന 22654 ഹസ്രത് നിസാമുദ്ദീന്‍ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് കോട്ടയത്തെ സ്റ്റോപ്പ് ഒഴിവാക്കി ആലപ്പുഴ വഴി സര്‍വീസ് നടത്തും. എട്ടാം തീയ്യതി എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന 12695 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം എക്‌സ്പ്രസ് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴിയായിരിക്കും ഓടുന്നത്. എട്ടാം തീയ്യതി മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന 16630 മംഗലാപുരം – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് പിറവം റോഡ്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി ആലപ്പുഴ വഴി ഓടും. വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ക്ക് പകരം ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റോപ്പുകള്‍ അനുവദിക്കും.