കൊച്ചി : ലിംഗവിവേചനമില്ലാത്ത തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ജെൻഡർ ക്ലബ്ബുകൾ രൂപവത്കരിച്ച് കുടുംബശ്രീ. കുടുംബശ്രീ ജെൻഡർ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജെൻഡർ ക്ലബ്ബുകൾ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കുഴ ഗവ. മോഡൽ സ്കൂളിലും ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ്. സ്കൂളിലും ജെൻഡർ ക്ലബ്ബ് തുടങ്ങി. തുടർന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
ലിംഗപദവിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ, കുട്ടികളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ ടി. മണി അറിയിച്ചു. സാമൂഹിക നീതി ഉറപ്പാക്കുന്ന തരത്തിലുള്ള പഠനപ്രക്രിയ കൊണ്ടുവരുക, അക്രമരഹിത സമൂഹം വാർത്തെടുക്കുവാൻ അടിസ്ഥാന വിദ്യാഭ്യാസം നൽകുക, എല്ലാ മേഖലയിലും ലിംഗവ്യത്യാസമില്ലാതെ തുല്യ അവസരങ്ങൾ ഉപയോഗിക്കുന്നതരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ജെൻഡർ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങൾ.