ചെന്നൈ: കള്ളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി ചോദ്യം ചെയ്യുന്നത് രണ്ടാം ദിനം. ആരോഗ്യം കണക്കിലെടുത്ത് ഇടക്കിടെ വിശ്രമം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ചെന്നൈ ശാസ്ത്രി ഭവനിലെ ഇഡി ഓഫീസിലാണ് ചോദ്യംചെയ്യൽ നടക്കുന്നത്200 ചോദ്യങ്ങളുടെ പട്ടിക ഇഡി തയ്യാറാക്കിയിട്ടുണ്ട്. കരൂരിലെ റെയ്ഡിനിടെ കണ്ടെത്തിയ 60 ഭൂമിയിടപാടുകൾ സംബന്ധിച്ച രേഖയിൽ വിശദീകരണം തേടും. ഇന്നത്തെ ചോദ്യം ചെയ്യൽ തുടങ്ങുന്നതിന് മുന്‍പായി രാവിലെ ഡോക്ര്‍മാരുടെ സംഘം മന്ത്രിയെ പരിശോധിച്ചിരുന്നു. അടുത്ത ശനിയാഴ്ച വരെയാണ് മന്ത്രിയെ ചോദ്യം ചെയ്യാൻ ഇഡിക്ക് സുപ്രീം കോടതി അനുമതി നൽകിയിട്ടുള്ളത്.
കസ്റ്റഡിയിൽ ചോദ്യം ചെയാൻ ഇഡിക്ക് അധികാരം ഉണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ, മന്ത്രിയും ഭാര്യയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഉത്തരവിന് പിന്നാലെ ഇഡി അപേക്ഷ പരിഗണിച്ച ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി, മന്ത്രിയെ ഈ മാസം 12 വരെ ചോദ്യം ചെയ്യാൻ അനുമതി നൽകി. ജൂൺ 14 -നു അറസ്റ്റ് ചെയ്തെങ്കിലും, ഇതുവരെ ഇഡിക്ക് മന്ത്രിയെ ചോദ്യം ചെയാൻ കഴിഞ്ഞിരുന്നില്ല.
പടിഞ്ഞാറൻ തമിഴ്നാട്ടിൽ നിന്നുള്ള ശക്തനായ ഡിഎംകെ നേതാവാണ് സെന്തില്‍ ബാലാജി. കൊങ്കു മേഖലയിൽ അണ്ണാ ഡിഎംകെ, ബിജെപി സ്വാധീനത്തിന് വെല്ലുവിളിയായി മാറിയ കരുത്തനാണ് ബാലാജി. 2011ലെ ജയലളിത സര്‍ക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു. ജയലളിതയുടെ മരണശേഷം ടി ടി വി ദിനകരനെ പിന്തുണച്ചു. പിന്നീട് 2018 ഡിസംബറിൽ എഐഎഡിഎംകെ വിട്ട് ഡിഎംകെയിലെത്തി. 2021ൽ എക്സൈസ്, വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. നിയമസഭയിലേക്ക് മത്സരിച്ച അഞ്ച് തവണയും ജയിച്ച ചരിത്രമാണ് ബാലാജിക്കുള്ളത്. നിലവില്‍ കോയമ്പത്തൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ്. ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുമായി കൊമ്പുകോര്‍ത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ചരിത്രവുമുണ്ട്.