പെരിന്തൽമണ്ണ: സർക്കാർ ഓഫിസുകളിലെ തീപിടിത്തവും ഫയലുകൾ കത്തിനശിക്കലും തടയാൻ കൂടുതൽ ജാഗ്രതയും മുന്നൊരുക്കങ്ങളും നിർദേശിച്ച് സർക്കാർ. ആഭ്യന്തരവകുപ്പും അഗ്നിരക്ഷസേനയും ഓഫിസുകൾക്കും വകുപ്പ് മേധാവികൾക്കും മാർഗനിർദേശങ്ങൾ നൽകി. ഓഫിസുകളിൽ വെൻറിലേഷൻ അടക്കരുതെന്നും പാഴ്ക്കടലാസുകൾ നീക്കണമെന്നും പ്രധാനപ്പെട്ട ഫയലുകൾ പെട്ടെന്ന് തീപിടിക്കാത്ത അലമാരകളിൽ സൂക്ഷിക്കണമെന്നും നിർദേശങ്ങളിലുണ്ട്.
പഴകിദ്രവിച്ച വൈദ്യുതീകരണ സാമഗ്രികൾ മാറ്റുക, ഒരു പ്ലഗിൽനിന്ന് നിരവധി ഉപകരണങ്ങൾക്ക് കണക്ഷൻ എടുക്കുന്നതും ഓപൺ വയറിങ്ങും ഒഴിവാക്കുക, സ്വിച്ച് ബോർഡ്, മെയിൻ സ്വിച്ച്, യു.പി.എസ് എന്നിവയിൽനിന്ന് ആവശ്യമായ അകലം പാലിച്ചു മാത്രം തീപിടിക്കാനിടയുള്ള വസ്തുക്കൾ സൂക്ഷിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. ബാങ്കുകളിലെ പോലെ ഫയലുകൾ സൂക്ഷിക്കുന്ന റെക്കോഡ് റൂമിൽ ഓട്ടോമാറ്റിക് ഡിറ്റെക്ഷൻ സംവിധാനം ഉപയോഗിച്ച് സമീപത്തെ ഫയർ സ്റ്റേഷനുകളിൽ സന്ദേശമെത്താവുന്ന വിധം ഹോട്ട് ലൈൻ സൗകര്യം സ്ഥാപിക്കാനും നിർദേശിച്ചു.
റെക്കോഡ് റൂമിന്‍റെ വയറിങ്, മുറിക്ക് പുറത്ത് വിച്ഛേദിക്കാനാവണം. മുറിയിൽ പ്രവേശിക്കുമ്പോൾ വൈദ്യുതി പ്രവർത്തിക്കുന്ന സൗകര്യത്തിലുമാക്കാം. ഓഫിസിനകത്ത് പാചകത്തിന് ഹീറ്റർ ഉപയോഗിക്കരുത്. സ്റ്റോർ റൂമുകളിൽ എക്സ്ഹോസ്റ്റ് ഫാനുകൾ വേണമെന്നും ബഹുനില കെട്ടിടങ്ങൾക്ക് എൻ.ബി.സി പ്രകാരമുള്ള അഗ്നിരക്ഷ സംവിധാനങ്ങൾ വേണമെന്നും മാർഗനിർദേശങ്ങളിലുണ്ട്. പ്രധാന ഓഫിസുകളിൽ നെറ്റ് വാച്ചറോ സെക്യൂരിറ്റിയോ വേണം. ഫയർ ആൻഡ് റെസ്ക്യു ഡയറക്ടർ ജനറലിന്‍റെ നേതൃത്വത്തിലാണ് മാർഗ നിർദേശങ്ങൾ തയാറാക്കിയത്. അതേ സമയം കാലപ്പഴക്കമുള്ള ചില മിനി സിവിൽസ്റ്റേഷനുകളിൽ വേണ്ട രീതിയിലുള്ള അഗ്നിരക്ഷ സൗകര്യങ്ങളില്ല.