കൊച്ചി > നിരക്കിളവിന്റെ പേരിൽ പൊതു, സ്വകാര്യബസ് ജീവനക്കാർ വിദ്യാർഥികളോട് വിവേചനപരമായി പെരുമാറരുതെന്നും മറ്റു യാത്രക്കാരുടെ പദവിയാണ് വിദ്യാർഥികൾക്കുമുള്ളതെന്നും ഹൈക്കോടതി. വിദ്യാർഥികളെ ബസിൽ കയറ്റാത്തതിനാൽ മൂന്ന് സ്വകാര്യ ബസ് കണ്ടക്ടർമാർക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി കോതമംഗലം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലുള്ള കേസുകളും കുറ്റപത്രങ്ങളും റദ്ദാക്കിയാണ് നിരീക്ഷണം. ബസിൽ കയറ്റാത്തതിനെച്ചൊല്ലി വിദ്യാർഥികളും ജീവനക്കാരും തമ്മിലെ തർക്കം ക്രമസമാധാനപ്രശ്‌നമാകരുതെന്നും ഇതുറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവി നടപടി സ്വീകരിക്കണമെന്നും ജസ്‌റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണൻ നിർദേശിച്ചു. വിദ്യാർഥികളെ ബസിൽ കയറ്റിയില്ലെന്ന കേസിനെതിരെ തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി സിറാജ്, കോതമംഗലം തൃക്കാരിയൂർ സ്വദേശി ജോസഫ് ജോൺ, വൈക്കം തലയാഴം സ്വദേശി വി പി ഉണ്ണിക്കൃഷ്‌ണൻ എന്നിവർ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്.
സംസ്ഥാനത്തൊട്ടാകെയുള്ള ചില ബസ് ജീവനക്കാരുടെ പ്രവണതകൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ബസിൽ കയറ്റാത്തതിനെച്ചൊല്ലി വിദ്യാർഥികളും ജീവനക്കാരും തമ്മിൽ വഴക്ക് പതിവാണ്. വിദ്യാർഥികളുടെ യാത്രാനിരക്ക് പതിറ്റാണ്ടുകളായി പരിഷ്‌കരിച്ചിട്ടില്ല. മാറിയ സാഹചര്യങ്ങൾ സർക്കാരും വിദ്യാർഥി സംഘടനകളും മനസ്സിലാക്കണം. വിദ്യാർഥികളുടെ യാത്രാനിരക്ക് ഉയർത്തുന്നത് സർക്കാരിന്റെ നയപരമായ വിഷയമായതിനാൽ കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാനാകില്ല. യാത്രാനിരക്ക് ഉയർത്താൻ ബസുടമകൾ സർക്കാരിനെയും ഗതാഗതവകുപ്പിനെയുമാണ് സമീപിക്കേണ്ടതെന്നും വിദ്യാർഥികളോട് വിവേചനപരമായി പെരുമാറരുതെന്നും കോടതി വ്യക്തമാക്കി.