റിയാദ്: ഉംറയെന്ന ജീവിതാഭിലാഷം നിറവേറ്റാൻ എത്തി ചതിയിലകപ്പെട്ട് നരകയാതന അനുഭവിക്കേണ്ടി വന്ന തെലങ്കാന സ്വദേശി ഫർഹാനക്ക് അവസാനം സ്വപ്‌ന സാഫല്യം. വിശ്വാസിയുടെ ഏറ്റവും വലിയ സ്വപ്‌നമായ ഉംറ നിർവഹിക്കുക എന്ന ലക്ഷ്യത്തിൽ പുണ്യഭൂമിയിലെത്തിയിട്ട് സ്വദേശിയുടെ വീട്ടിൽ ജോലിക്കാരിയാവേണ്ടി വന്ന ഫർഹാനക്ക് മക്കയിലെത്തി ഉംറ നിർവഹിക്കാനും മദീനയിലെത്തി പ്രവാചകെൻറ പള്ളി സന്ദർശിക്കാനും തുണയായത് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകമാണ്.താമസസൗകര്യം, ഭക്ഷണം തുടങ്ങിയവ അടക്കം എല്ലാം സൗജന്യമായി നൽകി ഐ.സി.എഫിന് കീഴിലുള്ള അൽ ഖുദ്‌സ് ഉംറ സർവിസ് വഴിയാണ് സൗകര്യം ഒരുക്കിയത്. റിയാദ് ഉമ്മുൽ ഹമാം സെക്ടർ ഐ.സി.എഫ് സെക്രട്ടറി നൗഷാദിെൻറ കുടുംബത്തോടൊപ്പം ഉംറയും മദീന സന്ദർശനവും നടത്തി ഫർഹാന റിയാദിൽ തിരിെച്ചത്തി.
റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ദവാദ്മിയിലെ അറജ എന്ന സ്ഥലത്തെ സ്വദേശി വീട്ടിലെ ദുരിതത്തിൽ നിന്ന്, ദവാദ്മി പൊലീസ് ഇടപെട്ട് മോചിപ്പിച്ചതിനെ തുടർന്നാണ് ഫർഹാനക്ക് ഉംറക്ക് വഴിയൊരുങ്ങിയത്. ദവാദ്മി ഹെൽപ് ഡെസ്കും ദവാദ്മിയിലെ സാമൂഹികപ്രവർത്തകൻ ഹുസൈൻ അലിയുമാണ് ഫർഹാനയെ മോചിപ്പിക്കാനുള്ള ശ്രമം നടത്തിയത്. മോചിതയായ ഫർഹാനയെ ദവാദ്മി ഐ.സി.എഫ് പ്രവർത്തകൻ അമീർ തെൻറ വീട്ടിൽ അഭയം നൽകി. ദവാദ്മി ഐ.സി.എഫ് ക്ഷേമകാര്യ സെക്രട്ടറി റിയാസ് പോത്തനൂർ, റിയാദ് ഘടകം ക്ഷേമകാര്യ പ്രസിഡൻറ് ഇബ്രാഹീം കരീമുമായി ബന്ധപ്പെടുകയും ഉംറക്ക് സൗകര്യം ഒരുക്കുകയുമായിരുന്നു. യത്രയിലൂടനീളം സന്തോഷവതിയായിരുന്ന ഫർഹാന, കർമങ്ങൾക്കിടയിൽ കുറച്ചുനേരം കൂട്ടം തെറ്റിയത് അൽപം ആശങ്ക ഉണ്ടാക്കിയെങ്കിലും കർമങ്ങൾ എല്ലാം ഭംഗിയായി നിറവേറ്റാൻ കഴിഞ്ഞതായി നൗഷാദ് പറഞ്ഞു. ഭാഷയുടെ അതിർവരമ്പുകൾക്കിടയിലും ആംഗ്യഭാഷയിലൂടെയുള്ള അവരുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
അയൽവാസിയായ ഏജൻറ്, 15,000 രൂപക്ക് ഉംറ ചെയ്യിപ്പിക്കാമെന്ന് മോഹിപ്പിച്ചു കെണിയിൽ പെടുത്തി കൊണ്ടുവന്ന് 7,000 റിയാലിന് സ്വദേശി പൗരന് വിറ്റ് വീട്ടുവേലകാരിയാക്കി മാറ്റുകയായിരുന്നു. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയിൽ വന്നതിനാൽ ഇപ്പോൾ ഉംറ ചെയ്യാൻ കഴിയില്ലെന്നും അവസരം ഒരുങ്ങുന്നത് വരെ താമസിക്കാമെന്നും വിശ്വസിപ്പിച്ചാണ് സ്വദേശി പൗരന്‍റെ വീട്ടിൽ കൊണ്ടാക്കിയത്. എന്നാൽ പിന്നീട് ഏജൻറ് മുങ്ങുകയായിരുന്നു. വിവരമറിഞ്ഞ മലയാളി കൂട്ടായ്മയായ ദവാദ്മി ഹെൽപ് ഡെസ്കിന്‍റെ ശ്രമഫലമായി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് ഇടപെട്ട് മോചിപ്പിച്ചത്. ഉംറ കഴിഞ്ഞു തിരികെ എത്തിയാൽ പൊലീസിൽ റിപ്പോർട്ട് ചെയ്ത്, പിഴ അടച്ചാൽ മാത്രമേ നാട്ടിലേക്ക് പോവാൻ കഴിയുകയുള്ളൂ.
അനധികൃതമായി ജോലിക്ക് നിർത്തിയ സൗദി പൗരനെ കൊണ്ട് തന്നെ പിഴ സംഖ്യ അടപ്പിച്ചു നാട്ടിലേക്ക് കയറ്റി വിടാനാണ് ശ്രമിക്കുന്നത്. സൗദി പൗരൻ അതിന് തയ്യാറായില്ലെങ്കിൽ ഏജൻറിനെ കണ്ടെത്തി അടപ്പിക്കാൻ ശ്രമിക്കും. അതിനും കഴിഞ്ഞില്ലങ്കിൽ മാത്രം സുമനുസകളിൽ നിന്ന് സഹായം കണ്ടെത്താൻ ശ്രമിക്കുമെന്ന് റിയാസ് പോത്തനൂർ പറഞ്ഞു.