തിരുവനന്തപുരം> കേരളത്തിലെ കെ ഫോൺ മാതൃക പഠിക്കാൻ തമിഴ്നാട്. തിരുവനന്തപുരത്തെത്തിയ തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കെ ഫോൺ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു. തമിഴ്നാട് ഫൈബർ ഒപ്റ്റിക്ക് നെറ്റ്വർക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്റെ മാതൃക നടപ്പാക്കുന്നത്.കൂടിക്കാഴ്ചയിൽ തമിഴ്നാട് ഐടി സെക്രട്ടറി ജെ കുമാരഗുരുബരൻ, ടാൻഫിനെറ്റ് കോർപ്പറേഷൻ എംഡി എ ജോൺ ലൂയിസ്, കേരള ഐടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ, കെ ഫോൺ എംഡി ഡോ. സന്തോഷ് ബാബു എന്നിവരും പങ്കെടുത്തു. നിയമസഭയിലെത്തിയ തമിഴ്നാട് സംഘം സഭാനടപടികളും വീക്ഷിച്ചു.