ചെന്നൈ : വിരുന്നിന്റെ ഭാഗമായി നടത്തിയ ഡി.ജെ. പാർട്ടിയെത്തുടർന്ന് വിവാഹം മുടങ്ങിയ സംഭവത്തിൽ വധുവിന്റെ വീട്ടുകാർക്കെതിരേ വരന്റെ പരാതി. മദ്യപിച്ചെത്തിയ യുവാക്കൾ ഡിജെ പാർട്ടിക്കിടെ വധുവിനൊപ്പം മോശമായ രീതിയിൽ നൃത്തം ചെയ്തതിനെ ചോദ്യം ചെയ്തതിന് മർദിച്ചെന്നും പരസ്യമായി അപമാനിച്ചെന്നുമാണ് പോലീസിന് നൽകിയ പരാതിയിലുള്ളത്. കടലൂർ ജില്ലയിലെ പൻട്രുത്തിയിൽ കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം.
വിവാഹത്തോടനുബന്ധിച്ചു നടന്ന വിരുന്നിനിടെ വരൻ വധുവിന്റെ കരണത്തടിച്ചെന്നായിരുന്നു ആരോപണം. തുടർന്ന് ഈ വിവാഹം മുടങ്ങിയെങ്കിലും വധു ബന്ധുവായ മറ്റൊരു യുവാവിനെ വിവാഹം ചെയ്തിരുന്നു. വധുവിനെ താൻ മർദിച്ചിട്ടില്ലെന്നും അവരുടെ വീട്ടുകാർ തന്നെ തല്ലുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തെന്നുമാണ് ഇപ്പോൾ വരൻ ആരോപിക്കുന്നത്.
ആളുകളുടെമുന്നിൽ അപമാനിക്കുമെന്ന് പറഞ്ഞാണ് വീട്ടുകാർ വിവാഹം ഉപേക്ഷിച്ചതെന്നും ഇയാൾ പറയുന്നു. വിരുന്നിനോട് അനുബന്ധിച്ച് ഡി.ജെ. പാർട്ടി നടത്തുന്നതിനോട് യോജിപ്പില്ലായിരുന്നെങ്കിലും വധുവിന്റെ നിർബന്ധത്തിന് താൻ വഴങ്ങുകയായിരുന്നു. മദ്യപിച്ചെത്തിയ യുവാക്കൾ വധുവിന്റെ ശരീരത്തിൽ സ്പർശിച്ചുകൊണ്ട് മോശമായരീതിയിൽ നൃത്തം ചെയ്തു. ഇതിനെ ചോദ്യംചെയ്തപ്പോൾ വധു എതിർപ്പ് പ്രകടിപ്പിച്ചു. ഇത് കണ്ടതോടെ അവരുടെ വീട്ടുകാർ മർദിക്കുകയും അപമാനിക്കുകയുമായിരുന്നു. വിവാഹത്തിന്റെ ക്രമീകരണങ്ങൾക്കായി ഏഴ് ലക്ഷത്തോളം രൂപ ചെലവായെന്നും പൻട്രുത്തി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.