കൊച്ചി> പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും യൂത്ത് കോൺഗ്രസ് നേതാവുമായ എബിൻ എബ്രഹാമിനെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. വിശദമായി ചോദ്യംചെയ്‌തശേഷമായിരുന്നു അറസ്‌റ്റ്. ഇയാളെ ജാമ്യത്തിൽ വിട്ടു. ഒന്നാം പ്രതിയായ മോൻസൺ മാവുങ്കൽ, രണ്ടാംപ്രതി കെ സുധാകരൻ, മൂന്നാം പ്രതി ഐജി ജി ലക്ഷ്‌മൺ, നാലാംപ്രതി മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവരെ നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു.
തട്ടിപ്പിൽ എബിൻ ഇടനിലക്കാരനായി നിന്നതിന്റെ നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്. മോൻസണെ കെ സുധാകരന് പരിചയപ്പെടുത്തിയത് എബിനാണെന്നും വ്യക്തമായി. എബിന്റെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ നിരത്തിയായിരുന്നു ചോദ്യംചെയ്യൽ. പണമിടപാടിന്റെ കൃത്യമായ വിവരങ്ങൾ നൽകാൻ എബിന് കഴിഞ്ഞില്ല. മോൻസണിന്റെ ജീവനക്കാരുടെ അക്കൗണ്ടിൽനിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് പണം നൽകിയതിന്റെ രേഖകളും ലഭിച്ചു.
ചോദ്യംചെയ്യുന്നതിനിടെ പരാതിക്കാരിൽ ഒരാളായ അനൂപിനെ അന്വേഷകസംഘം വിളിപ്പിച്ചു. എബിനെ അനൂപ് തിരിച്ചറിഞ്ഞു. കേസിൽനിന്ന് സുധാകരനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എബിൻ പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പണം ഉൾപ്പെടെ എന്തും നൽകാമെന്നായിരുന്നു എബിന്റെ വാഗ്‌ദാനം. ഇക്കാര്യങ്ങൾ ഉറപ്പുവരുത്താനായിരുന്നു പരാതിക്കാരന്റെ സാന്നിധ്യത്തിൽ ചോദ്യംചെയ്‌തത്. കേസിൽ ഐജി ജി ലക്ഷ്‌മണിനെ വെള്ളിയാഴ്‌ച ചോദ്യംചെയ്യും.