തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയം സുനിശ്ചിതമാണെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ എം.പി. ഉമ്മൻചാണ്ടിയുടെ വേർപാടിന്റെ ദുഃഖം ഒരു വശത്തുള്ളപ്പോൾ മറുവശത്ത് വലിയ ആത്മവിശ്വാസമാണ്. ചാണ്ടി ഉമ്മൻ ആ സ്ഥാനത്തിന് യോഗ്യനാണെന്നും ബെന്നി ബഹന്നാൻ. ഉമ്മൻചാണ്ടിയുടെ വേർപാടിന് പിന്നാലെ തന്നെ ഉപതെരഞ്ഞെടുപ്പിന് വേണ്ട തയ്യാറെടുപ്പുകൾ കൈക്കൊണ്ടിരുന്നു. ജനങ്ങൾക്കിടയിലെ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ആയിരിക്കും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നത്. പുതുപ്പള്ളി ഒരിക്കലും കോൺഗ്രസിനെ കൈവിടില്ല. മുൻകാലങ്ങളിൽ കോൺഗ്രസിന്റെ ശക്തികേന്ദ്രം പുതുപ്പള്ളിയായിരുന്നില്ലെന്നും ബെന്നി ബഹന്നാൻ പറഞ്ഞു.
ഉമ്മൻചാണ്ടി മത്സരത്തിനിറങ്ങിയതോടെയാണ് പുതുപ്പള്ളി കോൺഗ്രസ് ശക്തി കേന്ദ്രമായി മാറുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി സ്വന്തം മണ്ഡലത്തിൽ ചിലവിട്ടത് വളരെ കുറച്ച് സമയമാണ്. അന്ന് അദ്ദേഹത്തിന് തെരഞ്ഞെടുപ്പിന്റെ ചുമതല ഉണ്ടായിരുന്നു. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞു എന്നത് സാങ്കേതികമാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മണ്ഡലമായതിനാൽ രാഹുൽ ഗാന്ധി വന്നേക്കും. അത്ര വലിയ ബന്ധമാണ് രാഹുൽ ഗാന്ധിക്ക് ഉമ്മൻചാണ്ടിയുമായി ഉള്ളത്. കെ സുധാകരൻ തന്നെയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. എഐസിസിയുടെ അംഗീകാരത്തോടെയാണ് സ്ഥാനാർഥിയെ തീരുമാനിച്ചതെന്നും ഉമ്മൻചാണ്ടിയുടെ കുടുംബം സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്നല്ല സുധാകരൻ്റെ പ്രസ്താവനയെന്നും ബെന്നി ബഹന്നാൻ.