പാട്‌ന: ബീഹാറിലെ ആശുപത്രിയില്‍ രോഗിക്ക് യൂറിന്‍ ബാഗിന് പകരം സ്‌പ്രൈറ്റ് കുപ്പി ഉപയോഗിച്ചതായി ആരോപണം. തിങ്കളാഴ്ച രാത്രി ട്രെയിനില്‍ നിന്ന് വീണ് അബോധവസ്ഥയില്‍ എത്തിച്ച മധ്യവയസ്‌കനിലാണ് സ്‌പ്രൈറ്റ് കുപ്പി വച്ച് നല്‍കിയത്. രോഗിയെ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷം യൂറിന്‍ ബാഗ് ഘടിപ്പിക്കാനും മരുന്നുകള്‍ നല്‍കാനും ഡോക്ടര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ യൂറിന്‍ ബാഗ് ലഭ്യമല്ലാത്തത് കൊണ്ട് ജീവനക്കാരന്‍ സ്‌പ്രൈറ്റിന്റെ കുപ്പി ഘടിപ്പിക്കുകയായിരുന്നെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വിവരം ആശുപത്രി മാനേജറെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ചൊവാഴ്ച രാവിലെ യൂറിന്‍ ബാഗ് എത്തിച്ച ശേഷമാണ് സ്‌പ്രൈറ്റ് കുപ്പി മാറ്റിയതെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ അടിയന്തരസാഹചര്യങ്ങളില്‍ നല്‍കേണ്ട മരുന്നുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
യൂറിന്‍ ബാഗ് അടക്കമുള്ള അവശ്യവസ്തുകള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്ന വിവരം അറിഞ്ഞില്ലെന്നാണ് മാനേജറായ രമേശ് കുമാര്‍ പാണ്ഡേയുടെ വിശദീകരണം. വിവരം അറിഞ്ഞ ഉടന്‍ തന്നെ അത്യാവശ്യ സംവിധാനങ്ങളെല്ലാം ആശുപത്രിയില്‍ ഒരുക്കിയെന്ന് രമേശ് പാണ്ഡേ പറഞ്ഞു. സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്തിയ നടപടി സ്വീകരിക്കുമെന്നും രമേശ് പറഞ്ഞു. രോഗിയുടെ ജീവന്‍ തന്നെ അപകടവാസ്ഥയിലാക്കിയ ആശുപത്രി ജീവനക്കാരുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ബിഹാറിലെ ആരോഗ്യമേഖലയുടെ ശോചനീയാവസ്ഥയാണ് സംഭവത്തിലൂടെ പുറത്തുവന്നതെന്ന് സോഷ്യല്‍മീഡിയ അഭിപ്രായപ്പെട്ടു.