തിരുവനന്തപുരം: സംസ്ഥാനത്തെ നാളികേര ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ വിവിധപ്രവർത്തനങ്ങൾ ചെയ്തു വരുന്നുവെന്ന് മന്ത്രി പി പ്രസാദ്. കുറ്റ്യാടി എം.എല്‍.എ. കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ ശ്രദ്ധ ക്ഷണിക്കല്‍ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.നാളികേര കർഷകർ നേരിടുന്ന വിലയിടിവ് പരിഹരിക്കുവാനും, മറ്റു പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ മുന്തിയ പരിഗണന നൽകുന്നുവെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 32 രൂപക്കും നടപ്പ് സാമ്പത്തിക വർഷം 34 രൂപക്കുമാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. പച്ചത്തേങ്ങ സംഭരണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരഫെഡ് നേരിട്ടും വിവിധ സഹകരണ സംഘങ്ങള്‍, എഫ്.പി.ഒകള്‍ വഴിയും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ സ്വാശ്രയ കർഷക വിപണികൾ മുഖേനയും നാളികേര വികസന കോർപറേഷൻറെ കേന്ദ്രങ്ങൾ തുടങ്ങിയ 129 കേന്ദ്രങ്ങൾ വഴി പച്ചത്തേങ്ങ സംഭരിക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിന്റെ പച്ചത്തേങ്ങ സംഭരണ പദ്ധതി തുടരുന്നതോടൊപ്പം തന്നെ കേന്ദ്ര സർക്കാരിന്റെ കൊപ്രാ സംഭരണ പദ്ധതിയിൽപ്പെടുത്തി കൊപ്ര സംഭരണവും ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം നൽകുന്ന താങ്ങുവിലക്ക് പുറമേ സംസ്ഥാനം കി.ഗ്രാമിന് 4.70രൂപ അധികം നൽകി അടിസ്ഥാന വില 34 രൂപ കൊപ്ര സംഭരണത്തിലും സർക്കാർ കർഷകർക്ക് ഉറപ്പാക്കുന്നുണ്ട്.
കേന്ദ്ര സർക്കാർ അംഗീകരിച്ച ഉത്പാദന ചെലവിനെ അടിസ്ഥാനമാക്കി 2022-23 വർഷം കേരളത്തിൽ ഒരു നാളികേരത്തിന്റെ ഉത്പാദന ചെലവ് 9.91രൂപയും അഖിലേന്ത്യ അടിസ്ഥാനത്തില്‍ 7.92 രൂപയുമാണ്. അഖിലേന്ത്യ അടിസ്ഥാനത്തില്‍ കണക്കാക്കിയ ഉത്പാദന ചെലവിനെ അധിഷ്ഠിതമാക്കി കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുമ്പോൾ കേരളത്തെ സംബന്ധിച്ച് ഈ നിരക്ക് കുറവാണ്. കേരളത്തിന്റെ വർധിച്ച ഉത്പാദന ചെലവ് പരിഗണിച്ച് സംസ്ഥാന അടിസ്ഥാനത്തില്‍ താങ്ങുവില പ്രഖ്യാപിക്കണമെന്നും നിലവിലെ നിരക്ക് ഉയർത്തണമെന്നും കേന്ദ്ര സർക്കാരിനോട് കേരളം നിരവധി തവണ ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.