തിരുവനന്തപുരം > ഈ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നൂറോളം സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കാനാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ അറിയിച്ചു. നിലവിൽ 51 അപേക്ഷ ലഭിച്ചു. എട്ടു പാർക്കുകൾക്ക് അനുമതി നൽകി. 21 അപേക്ഷകളിൽ പരിശോധനയും തുടർനടപടികളും നടക്കുന്നു.പദ്ധതി കൂടുതൽ സംരംഭക സൗഹൃദമാക്കുന്നതിന് ഭേദഗതി ഉത്തരവിറക്കി. ഇതു പ്രകാരം 10 ഏക്കർ ഭൂമിയുള്ള സ്ഥാപനങ്ങൾക്കുപുറമെ കുടുംബങ്ങൾക്കും അപേക്ഷ നൽകാം. അഞ്ചേക്കറോ അതിലധികമോ ഭൂമിയുള്ളവർക്ക് സ്‌റ്റാൻഡേഡ് ഡിസൈൻ ഫാക്ടറിക്കും (ബഹുനില വ്യവസായ സമുച്ചയം) അപേക്ഷിക്കാം. 30 വർഷമോ അതിലധികമോ കാലാവധിയിൽ പാട്ടത്തിനെടുത്ത ഭൂമിയുള്ളവർക്ക് വ്യവസായ എസ്‌റ്റേറ്റിന് അപേക്ഷിക്കാം. സഹകരണ മേഖലയിൽ വ്യവസായ പാർക്കുകൾ ആരംഭിക്കാനുള്ള നിർദേശം പരിഗണനയിലാണ്. ക്യാമ്പസുകളിലെ അധിക ഭൂമിയിൽ വ്യവസായ പാർക്കുകൾ ആരംഭിക്കും. 38 കോളേജുകൾ ഇതിനു താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.