നമ്മുടെ ശരീരത്തില്‍ നിന്ന് പുറത്തു വരുന്ന മാലിന്യങ്ങളില്‍ ഒന്നാണ് മൂത്രം. ശരീരത്തിലെ പല കാര്യങ്ങളെയും സംബന്ധിച്ച സൂചനകള്‍ നല്‍കാന്‍ മൂത്രത്തിന് സാധിക്കും. മൂത്രത്തിന്‍റെ നിറം, മണം, അളവ്, പുറത്ത് വരുന്നതിന്‍റെ ആവൃത്തി എന്നിവയെല്ലാം സസൂക്ഷ്മം ശ്രദ്ധിക്കുന്നത് പല രോഗങ്ങളുടെയും നിര്‍ണയത്തിന് സഹായിക്കും. മൂത്രത്തിന് അസ്വാഭാവികമായ മണം വരുന്നത് ഇനി പറയുന്ന കാര്യങ്ങള്‍ മൂലമാകാം.
1. നിര്‍ജലീകരണം
ഒരാളുടെ ശരീരത്തിലെ ജലാംശം കുറയുമ്പോൾ മൂത്രത്തിലെ അമോണിയയുടെ അളവ് ഉയരും. ഇത് രൂക്ഷമായ ഗന്ധത്തിന് കാരണമാകാം.
2. ഭക്ഷണം
ദഹനസമയത്ത് ഭക്ഷണം വിഘടിക്കുമ്പോൾ മെറ്റബോളൈറ്റുകള്‍ രൂപപ്പെടുന്നു. ഈ മെറ്റബോളൈറ്റുകള്‍ മൂത്രത്തിന് രൂക്ഷ ഗന്ധം നല്‍കാം. ചില ഭക്ഷണങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ കടുത്ത ഗന്ധം നല്‍കുന്നു.
3. പ്രമേഹം
പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രണം വിട്ടുയരുന്നതിന്‍റെ ലക്ഷണങ്ങളിലൊന്നാണ് മൂത്രത്തിന്‍റെ അസ്വാഭാവിക ഗന്ധം. പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകളും മൂത്രത്തിന്‍റെ മണത്തില്‍ വ്യത്യാസമുണ്ടാക്കാം.
4. മൂത്രനാളിയിലെ അണുബാധ
മൂത്രത്തിന് രൂക്ഷഗന്ധമുണ്ടാക്കുന്ന മറ്റൊരു കാരണമാണ് മൂത്ര നാളിയിലെ അണുബാധ. ഇത് വേദന, പനി, വിറയല്‍ പോലുള്ള മറ്റ് ലക്ഷണങ്ങളും ഉണ്ടാക്കാം.
5. മരുന്നുകള്‍
ചിലതരം മരുന്നുകളും സപ്ലിമെന്‍റുകളും മൂത്രത്തിന്‍റെ മണത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കാറുണ്ട്.
6.അവയവ നാശം
ദഹനവുമായി ബന്ധപ്പെട്ട അവയവങ്ങളും മൂത്ര ഉൽപാദനത്തിന് സഹായിക്കുന്ന വൃക്കകളുമൊക്കെ തകരാറിലാകുമ്പോഴും മൂത്രത്തിന്‍റെ മണത്തില്‍ അസ്വാഭാവികത അനുഭവപ്പെടാം.
7.ബാക്ടീരിയല്‍ വജൈനോസിസ്
സ്ത്രീകളുടെ യോനിയില്‍ വരുന്ന ബാക്ടീരിയല്‍ അണുബാധയായ ബാക്ടീരിയല്‍ വജൈനോസിസും മൂത്രത്തിന്‍റെ രൂക്ഷഗന്ധത്തിന് കാരണമാകാം.