പുതുപ്പള്ളി > മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പഠിച്ച സ്കൂളിന്റെ മാറ്റം താരതമ്യം ചെയ്ത് ചിത്രം പങ്കുവെച്ച് സിപിഐ എം കേന്ദ്രകമ്മറ്റി അംഗം തോമസ് ഐസക്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴുള്ള പുതുപ്പള്ളി സെൻറ് ജോർജ്ജ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൂളിൻറെ അവസ്ഥയും ഇന്നത്തെ മാറ്റവുമാണ് ഐസക്ക് ചിത്രങ്ങളിലൂടെ പങ്കുവച്ചത്.2021ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത പുതിയ സ്കൂൾ കെട്ടിടത്തിൽ ഡിജിറ്റൽ സൗകര്യങ്ങളടക്കമുള്ള ആധുനിക സൗകര്യങ്ങളിലേക്ക് മാറിയെന്ന് തോമസ്ഐസക്ക് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
ഉമ്മൻ ചാണ്ടി പഠിച്ച പുതുപ്പള്ളി സെൻ്റ് ജോർജ്ജ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ട് ചിത്രങ്ങൾ നോക്കൂ. ആദ്യ ചിത്രം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴുള്ള സ്കൂളിൻ്റ് അവസ്ഥയാണ്. രണ്ടാമത്തേത്, 2021ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ ചിത്രമാണ്.15 പുതിയ ക്ലാസ് മുറികൾ, 7 ലാബുകൾ, പ്രിൻസിപ്പൽ- പ്രഥമാധ്യാപകരുടെ മുറികൾ, സ്റ്റാഫ് മുറി, ലൈബ്രറി, റോഡിയോ വിഷ്വൽ റൂം, കൗൺസിലിംഗ് സെന്റർ, കമ്മ്യൂണിറ്റി ഏരിയ, പുതിയ ശുചിമുറികൾ, എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റൽ സൗകര്യങ്ങൾ.ഇതാണ് അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം. ഏതു വേണമെന്നുള്ളതാണ് പുതുപ്പള്ളിക്കാരുടെ മുന്നിലുള്ള ചോദ്യം. ഇതു സാധ്യമാക്കിയത് കിഫ്ബി ആണ്. 5 കോടി രൂപയാണ് ചെലവഴിച്ചത്. യുഡിഎഫ് കിഫ്ബിക്കെതിരാണ്. ഇതുപോലുള്ള വികസനപ്രവർത്തനങ്ങൾ നാടിനു വേണമോ വേണ്ടയോ എന്നതാണു ചോദ്യം.