ഇറ്റലിയിൽ നീലഞണ്ടിന്റെ വ്യാപനം തടയാൻ 26 കോടി രൂപ അനുവദിച്ച് സർക്കാർ. വളരെ അധികം അക്രമണകാരികളായിട്ടാണ് നീലഞണ്ടുകളെ കണക്കാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അധികം കക്ക ഉത്പാദിപ്പിക്കുന്ന രാജ്യമായ ഇറ്റലിക്ക് നീലഞണ്ടിന്റെ വ്യാപനം കക്കയുത്പാദനത്തെ താറുമാറാക്കുമോ എന്ന ആശങ്കയുണ്ട്. അതിനാലാണ് കോടികൾ നീലഞണ്ടുകളെ നിയന്ത്രിക്കാൻ അനുവദിച്ചിരിക്കുന്നത്. പടിഞ്ഞാറൻ അറ്റ്‌ലാന്റിക്കിൽ നിന്നാണ് ഈ ഞണ്ടുകൾ വരുന്നത്. ഇറ്റലിയിലെ നിരവധി സ്ഥലങ്ങളിൽ നിലവിൽ തന്നെ നീലഞണ്ടുകൾ വ്യാപിച്ചു കഴിഞ്ഞു. കക്ക, മീൻ, മറ്റ് ജലജീവികൾ തുടങ്ങിയവയെ ഈ നീലഞണ്ട് ഇല്ലാതെയാക്കും എന്ന ആശങ്കയും വലിയ തോതിൽ വർധിച്ച് കഴിഞ്ഞു. പിന്നാലെയാണ് ഈ തീരുമാനം.
ഇത്ര വേഗത്തിൽ ഈ നീലഞണ്ടുകൾ വ്യാപിച്ചത് എങ്ങനെയാണ് എന്ന കാര്യം മനസിലാക്കാൻ സാധിക്കുന്നില്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ഇതിന് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. നീലഞണ്ടുകൾ കാരണം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്ന് വടക്കൻ ഇറ്റലിയിലെ പോ നദി താഴ്‌വരയിലെ ഡെൽറ്റയാണ്. ഞായറാഴ്ച കൃഷി മന്ത്രി ഫ്രാൻസെസ്കോ ലോലോബ്രിജിഡ ഇവിടം സന്ദർശിച്ചിരുന്നു. ഇവിടേക്ക് അടിയന്തിര ധനസഹായം അനുവദിക്കും എന്ന് തിങ്കളാഴ്ച നടന്ന യോഗത്തിൽ മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, നീലഞണ്ടുകളെ നിയന്ത്രിക്കാൻ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അക്വാഫാർമർമാർക്കും 26 കോടി രൂപ നൽകും എന്നാണ് പറയുന്നത്. ‘ഓരോ ദിവസവും 12 (മെട്രിക്) ടൺ ഞണ്ടുകളെ പിടികൂടുന്നുണ്ട്. പക്ഷേ, ഇതൊന്നും തന്നെ ഞണ്ടുകളുടെ എണ്ണം കുറയുന്നതിൽ സഹായിക്കുന്നില്ല’ എന്നാണ് പോൾസൈനിലെ മത്സ്യത്തൊഴിലാളികളുടെ കോ-ഓപ്പറേറ്റീവിലെ ഇമാനുവേൽ റോസെറ്റി കഴിഞ്ഞ ആഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞത്. ഏതായാലും ഈ 26 കോടി കൊണ്ട് നീലഞണ്ടുകളെ നിയന്ത്രണത്തിലാക്കാം എന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്.