ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭക്കെതിരായ അവിശ്വാസ പ്രമേയ ചർച്ചയിലെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലുകളും രാഹുൽ ഗാന്ധിയുടെ പ്രസംഗവുമാണ് ബുധനാഴ്ച പാർലമെന്റിലെ ഹൈലൈറ്റ് എങ്കിൽ വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ മറുപടിയും ഭരണപക്ഷ അംഗങ്ങളുടെ ‘ഉറക്ക’വുമാണ് വൈറലായത്. ലോക്സഭയിൽ രണ്ടു മണിക്കൂർ പിന്നിട്ട് മോദിയുടെ പ്രസംഗം നീളവെയാണ് ഭരണപക്ഷ അംഗങ്ങളിൽ പലരും ഉറങ്ങിപ്പോയത്. ഉറക്കവും അംഗങ്ങളുടെ മടുപ്പ് പ്രകടമാക്കുന്ന ഇരുത്തവുമെല്ലാം വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസംഗം മടുപ്പിക്കുന്നതാണെന്ന ക്യാപ്ഷനിൽ അംഗങ്ങളുടെ ഉറങ്ങുന്ന വീഡിയോ ആം ആദ്മി പാർട്ടി അവരുടെ ട്വിറ്റർ അകൗണ്ടിൽ പോസ്റ്റ് ചെയ്തു.അതേസമയം, മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിൽ സംസാരിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ പ്രതിപക്ഷം വിജയം കണ്ടു. 100 ദിവസം പിന്നിട്ട മണിപ്പൂർ കലാപത്തിൽ ഒടുവിൽ മോദി മൗനം വെടിയുകയായിരുന്നു.
‘‘രാജ്യവും പാർലമെന്റും മണിപ്പൂരിനൊപ്പമുണ്ട്. മണിപ്പൂരിൽ വൈകാതെ സമാധാനം തിരിച്ചെത്തും. കുറ്റവാളികളുടെ ശിക്ഷ ഉറപ്പാക്കും. മണിപ്പൂരിന്റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കും. എല്ലാവരും ഒന്നിച്ചുനിന്ന് ഇപ്പോഴത്തെ വെല്ലുവിളി നേരിടണം’’ -ലോക്സഭയിൽ രണ്ടര മണിക്കൂർ നീണ്ട പ്രസംഗത്തിൽ മോദി പറഞ്ഞു.ആദ്യത്തെ ഒന്നര മണിക്കൂറും മണിപ്പൂരിനെക്കുറിച്ച് ഒന്നും പറയാതെ ഭരണനേട്ടങ്ങൾ വിവരിച്ചും പ്രതിപക്ഷത്തെ പരിഹസിച്ചും മുന്നോട്ടുപോയതിനെ തുടർന്ന് കടലാസുകൾ കീറിയെറിഞ്ഞ് അവിശ്വാസ പ്രമേയ അവതാരകനായ ഗൗരവ് ഗൊഗോയി അടക്കം പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയുടെ എം.പിമാർ ഇറങ്ങിപ്പോക്ക് നടത്തിയ ശേഷമായിരുന്നു മോദിയുടെ ഈ പരാമർശം.ബി.ജെ.പിയുടെ രാഷ്ട്രീയം മണിപ്പൂരിനെ രണ്ടു കഷണമാക്കുകയും അവിടെ ഇന്ത്യയെത്തന്നെ കൊന്നു കളയുകയും ചെയ്തെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച പാർലമന്റെിൽ തുറന്നടിച്ചിരുന്നു. ‘‘മോദി സർക്കാർ വഞ്ചകരാണ്. അവർ ദേശീയവാദികളല്ല. അവരുടെ രാഷ്ട്രീയം മണിപ്പൂരിനെ കൊന്നു. അവിടെ ഭാരതമാതാവിനെത്തന്നെ കൊന്നു’’ -രാഹുൽ പറഞ്ഞു.