കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കം ആറ് പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പുറത്തിറങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ദിലീപ് ആലുവയിലെ വീട്ടിലേക്ക് മടങ്ങിയത്.
ഹൈക്കോടതി ഉത്തരവിനെതുടർന്ന് രാവിലെ 8.40 നാണ് ദിലീപ് ചോദ്യം ചെയ്യലിനായി എത്തിയത് . ദിലീപിനൊപ്പം രണ്ടാം പ്രതിയും സഹോദരനുമായ അനൂപ് , മൂന്നാം പ്രതിയും സഹോദരീ ഭർത്താവുമായ സുരാജ് എന്നിവരടക്കം ആറ് പ്രതികളാണ് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. എസ് പി മോഹന ചന്ദ്രന്‍റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ആദ്യഘട്ടത്തിൽ മൊഴിയെടുത്തത്.
ദിലീപിന്‍റെ മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യത്തങ്ങളുടെ പ്രതികരണം. ചോദ്യങ്ങള്‍ക്ക് നിഷേധാത്മക മറുപടികളാണ് ദിലീപ് നല്‍കുന്നത്. തെളിവുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടികളാണ് നല്‍കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം ദിലീപ് നിഷേധിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗുഢാലോചനയെന്ന ആരോപണം തെറ്റാണെന്ന നിലപാടിലാണ് ദിലീപ്. ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്നും കോടതിയിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണിച്ചപ്പോഴും അതുവേണ്ടെന്ന് പറഞ്ഞുവെന്നും ദിലീപ് പറയുന്നു. നടിയെ ആ അവസ്ഥയിൽ കാണാൻ കഴിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ചോദ്യം ചെയ്യലില്‍ ദിലീപ് അറിയിച്ചെന്നാണ് ക്രൈംബ്രാഞ്ച് വ്യത്തങ്ങളിൽ നിന്നും ലഭിച്ച വിവരം.