ദില്ലി: ഹരിയാനയിലെ നൂഹിൽ നടന്ന വർഗീയ കലാപത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. അക്രമത്തിന് പിന്നിലെ മുസ്ലീം വിഭാഗത്തെ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനങ്ങൾ അംഗീകരിക്കാനാകില്ലെന്നും സമുദായങ്ങൾക്കിടെ യോജിപ്പും സൗഹാർദ്ദവും വേണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. നൂഹിലെ വർഗീയ കലാപത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന് ഡി ജി പി യുടെ നേതൃത്വത്തിൽ സമിതി വേണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങളെ അംഗീകരിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ഹിന്ദു മഹാ പഞ്ചായത്തിലെ ബഹിഷ്കരണ ആഹ്വാനമെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. ഹിന്ദു മഹാ പഞ്ചായത്തിലെ ആഹ്വാനത്തിനെതിരെയായിരുന്നു ഹർജി.