കോട്ടയം : പോപ്പുലര്‍ തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കന്നാസും കടലാസും. കോട്ടയത്തും ചങ്ങനാശ്ശേരിയിലുമുള്ള ഇവരെ രംഗത്തിറക്കിയത് പോപ്പുലര്‍ ഉടമകള്‍തന്നെ. തുടക്കംമുതല്‍ ഇവരുടെ നീക്കത്തില്‍ നിക്ഷേപകര്‍ക്ക് സംശയം ഉണ്ടായിരുന്നു. അത് അവര്‍ മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. പോപ്പുലര്‍ പ്രതികളെ കേസില്‍നിന്നും എങ്ങനെയും രക്ഷപെടുത്തി ഓസ്ട്രേലിയയില്‍ എത്തിക്കുക എന്ന വലിയ ദൌത്യം ഏറ്റെടുത്തിരിക്കുന്ന ഒരു ഗ്രൂപ്പിന്റെ ഭാഗമാണ് ഈ കന്നാസും കടലാസും. കൂടുതല്‍ കേസുകളും പ്രതിഷേധങ്ങളും ഉണ്ടാകാതെ നോക്കുന്നതോടൊപ്പം നിക്ഷേപകരെ തങ്ങളുടെ ഭാഗത്തേക്ക് അടുപ്പിക്കുക എന്ന ചുമതലയും ഇവര്‍ക്കായിരുന്നു.
ഇതിന്റെ ഭാഗമായി സംഘടനയുടെ കുടക്കീഴില്‍ ഒന്നിച്ചുനിന്ന നിക്ഷേപകരെ ഇവര്‍ തമ്മിലടിപ്പിച്ചു. പി.എഫ്.ഡി.എ എന്ന നിക്ഷേപക സംഘടനയുടെ ഭാഗമായി നിന്നുകൊണ്ടായിരുന്നു ഇവര്‍ പോപ്പുലര്‍ പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരം ഒരുക്കിക്കൊണ്ടിരുന്നത്. ഇതറിഞ്ഞിട്ടും ഇവരെ പുറത്താക്കുവാന്‍ പി.എഫ്.ഡി.എ തയ്യാറായില്ല എന്നതാണ് നിക്ഷേപകര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ എന്ന നിലയില്‍ പി.എഫ്.ഡി.എ എന്ന സംഘടനയില്‍ നിന്നുകൊണ്ടുതന്നെ ഇവര്‍ ചില വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി. അതിലേക്ക് നിക്ഷേപകരില്‍ ചിലരെയും പോപ്പുലര്‍ ഉടമകളെയും ജീവനക്കാരെയും ചേര്‍ത്തു. പോപ്പുലര്‍ പ്രതികളുടെ അഭിഭാഷകരും ഇതില്‍ അംഗമായിരുന്നു. റോയിയുടെ ചില അടുത്ത ബന്ധുക്കളും പ്രതികളെ രക്ഷപെടുത്താന്‍ ക്വട്ടേഷന്‍ എടുത്തവരും ഈ ഗ്രൂപ്പില്‍ നിറഞ്ഞു.
പി.എഫ്.ഡി.എയുടെ പ്രസിഡന്റിനെതിരെ ഗ്രൂപ്പുകളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവിടെ അദ്ദേഹത്തിന് പരസ്യ പിന്തുണയുമായി എത്തിയതും ഈ ക്വട്ടേഷന്‍ ടീം ആയിരുന്നു എന്നത് നിക്ഷേപകരില്‍ പല സംശയങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പോപ്പുലര്‍ ഉടമകളുടെ ക്വട്ടേഷന്‍ ടീമിനെ തള്ളിപ്പറയുവാന്‍ ഇതുവരെയും പി.എഫ്.ഡി.എ നേത്രുത്വം തയ്യാറായിട്ടില്ല എന്നതും ഗ്രൂപ്പുകളില്‍ ചര്‍ച്ചയാണ്. ചില സംഘടനകള്‍ പോപ്പുലര്‍ ഉടമകള്‍ക്കെതിരെയുള്ള നിയമനടപടികളില്‍ നിന്നും പിന്നോട്ടുമാറി. ഇന്ത്യയിലെ പ്രധാന സാമ്പത്തിക തട്ടിപ്പില്‍ ഒന്നായ പോപ്പുലര്‍ തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് നീതിലഭിക്കുന്നത് കോടതികളില്‍ നിന്ന് മാത്രമാകും, അതിന് ഒരു സംശയവും ഇല്ല.
കേസിനുപോയാല്‍ ഉടന്‍ പണം കിട്ടില്ലെന്നുമാത്രമല്ല, കിട്ടുമോ എന്നുപോലും ഉറപ്പില്ലെന്നും അതുകൊണ്ട് ഒത്തുതീര്‍പ്പിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും നിക്ഷേപകരെ ഇവര്‍ ധരിപ്പിച്ചു. അടഞ്ഞുകിടക്കുന്ന പോപ്പുലര്‍ കമ്പിനി ഏറ്റെടുക്കാന്‍ ഗള്‍ഫില്‍ ഒരു കടലാസുകമ്പിനി ഇവര്‍ തട്ടിക്കൂട്ടി. ഈ കമ്പിനി പോപ്പുലര്‍ ഏറ്റെടുക്കുമെന്ന് നിക്ഷേപകരെ ധരിപ്പിച്ചു. എന്നാല്‍ അന്വേഷണത്തില്‍ ഈ കമ്പിനിക്ക് മൂലധനം ഇല്ലെന്നും ഒരു ഓഫീസുപോലും ഇല്ലെന്നും നിക്ഷേപകര്‍ കണ്ടുപിടിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പദ്ധതിക്ക് പണം മുടക്കാന്‍ വിദേശികളില്‍ ചിലര്‍ തയ്യാറാണെന്നും അവരെക്കൊണ്ടാണ് പോപ്പുലര്‍ ഏറ്റെടുപ്പിക്കുന്നതെന്നും ഇവര്‍ ധരിപ്പിച്ചു. പോപ്പുലര്‍ തട്ടിപ്പുകാരെ രക്ഷപെടുത്തി വിദേശത്തേക്ക് കടത്തുക എന്ന ലക്ഷ്യത്തിനപ്പുറം ക്വട്ടേഷന്‍ ടീമിനും ചില അജണ്ടകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരുകാര്യവും നടന്നില്ല. മെര്‍ജ്ജറും ടെക്കോവറും ടെണ്‍ എറൌണ്ടും രാവിലെ മുതല്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ മാത്രം മുഴങ്ങി. ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും പ്രതിഷേധം അറിയിക്കുന്നവരെയും ഇവര്‍ ഭീഷണിപ്പെടുത്തി. നിക്ഷേപകരെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ഇവരുടെ നീക്കം. തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഉടമകള്‍ക്കെതിരെയോ ജീവനക്കാര്‍ക്കെതിരെയോ ശബ്ദിക്കുവാന്‍ അവര്‍ ആരെയും അനുവദിച്ചിരുന്നില്ല. തട്ടിപ്പ് നടത്തിയ മാനേജര്‍മാരെയും സോണല്‍ മാനേജര്‍മാരെയും എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും അവരെ കൂടെ നിര്‍ത്തുമെന്നും കോട്ടയം കുഞ്ഞച്ചന്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കഴിച്ച സദ്യയുടെയും മുമ്പില്‍ ഇരിക്കുന്ന പാല്‍പ്പായസത്തിന്റെയും രുചി നാവില്‍ വന്നപ്പോള്‍ താന്‍ തട്ടിപ്പിന് ഇരയായ ഒരു നിക്ഷേപകന്‍ ആണെന്ന കാര്യവും ഇയാള്‍ മറന്നു. കുഞ്ഞച്ചന്റെ മുഖമൂടി മാറിയപ്പോഴാണ് തങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത് ആട്ടിന്‍ തോലിട്ടിരുന്ന ചെന്നായ ആണെന്ന് നിക്ഷേപകര്‍ മനസ്സിലാക്കിയത്. പോപ്പുലര്‍ തട്ടിപ്പ് അന്വേഷണ പരിധിയില്‍ ഇവരെയും ഉള്‍പ്പെടുത്തണമെന്നാണ് ഇപ്പോള്‍ നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്. പോപ്പുലര്‍ തട്ടിപ്പുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള മുഴുവന്‍ പേരെയും പ്രതികളാക്കണമെന്നും ഓസ്ട്രേലിയയില്‍ ഒളിജീവിതം നയിക്കുന്ന കമ്പിനിയുടെ ചെയര്‍പേഴ്സന്‍ മേരിക്കുട്ടി ദാനിയേലിനെ അറസ്റ്റ് ചെയ്ത് നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെടുന്നു.
പോപ്പുലര്‍ ഉടമകളെ കേസില്‍ നിന്ന് ഊരാന്‍ ക്വട്ടേഷന്‍ എടുത്തവരുടെ കണക്കുകൂട്ടലുകള്‍ അനുസരിച്ച് കാര്യങ്ങള്‍ നടന്നില്ല. നിക്ഷേപക സംഘടനകളില്‍ ചിലര്‍ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുനീങ്ങിയതാണ് കാരണം. നിക്ഷേപകരുടെ പരാതികള്‍ ഒഴിവാക്കി അവരെ ഒതുക്കുവാനുള്ള കോട്ടയം കുഞ്ഞച്ചന്മാരുടെ ശ്രമം ഇതോടെ പരാജയപ്പെടുകയായിരുന്നു. ഇവരുടെ തട്ടിപ്പ് മനസ്സിലാക്കിയ നിക്ഷേപകര്‍ നിഖണ്ടുവിന് പുറത്തുള്ള പദപ്രയോഗങ്ങള്‍ ഇവര്‍ക്കുനേരെ തുടര്‍ച്ചയായി ഉപയോഗിച്ചെങ്കിലും ഇതൊക്കെ പുഞ്ചിരിയോടെ ഇവര്‍ കേട്ടു. എത്ര കേട്ടാലും കുഴപ്പമില്ല, തങ്ങളുടെ ഉദ്യമം വിജയിപ്പിക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്‌ഷ്യം, അതിനുവേണ്ടി ഏതുവേഷവും കെട്ടാന്‍ ഇവര്‍ തയ്യാറാണ്. ചതിയുടെയും വഞ്ചനയുടെയും കഥ പറയുന്ന പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ് ……തുടരും