ശരീരത്തിന്‍റെ ആരോഗ്യത്തിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലുകള്‍ എന്നത് ആത്മവിശ്വാസത്തിന്റെ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന്‍റെയും കൂടിയുള്ള അടയാളമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്. ചുവന്നു തടിച്ചു വീര്‍ത്ത മോണകള്‍, ബ്രഷ് ചെയ്യുമ്പോഴുള്ള രക്തസ്രാവം, വായ്നാറ്റം, മോണ ഇറങ്ങല്‍ തുടങ്ങിയവയെല്ലാം മോണ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. പല്ലിന്‍റെയും മോണയുടെയും ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
- ഒന്ന്…
- രണ്ട് നേരവും പല്ല് തേക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വായ വൃത്തിയാക്കാന്‍ ഇത് സഹായിക്കും. രാവിലെ പല്ലു തേക്കാന്‍ ആര്‍ക്കും മടി കാണില്ല. എന്നാല്‍ രാത്രിയില്‍ ഒരല്‍പം അലസതയുള്ളവരാണ് ഏറെയും. രാത്രിയിൽ ആഹാരം കഴിച്ച ശേഷം പല്ലുകള്‍ വൃത്തിയാക്കാതെ ഉറങ്ങുന്നത് വായയില്‍ ബാക്ടീരിയകള്‍ നിറയാണ് കാരണമാകും. ഈ ബാക്ടീരിയകളാണ് പല്ലില്‍ കേടുകള്‍ ഉണ്ടാക്കുന്നത്. കൂടാതെ ഇതുമൂലം മോണയിൽ പഴുപ്പും വീക്കവും ഉണ്ടാകുകയും ചെയ്യും. അതിനാല്‍ രാവിലെയും രാത്രിയും പല്ല് തേക്കുക.
- രണ്ട്…
- പഞ്ചസാര ക്രമാതീതമായ അളവിലുള്ള പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അതിനാല്‍ അവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
- മൂന്ന്…
- ഐസ് വായിലിട്ട് ചവയ്ക്കുന്നതും പല്ലിന്‍റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം. പഞ്ചസാര അടങ്ങിയിട്ടില്ലാത്ത കൊണ്ട് ഐസ് പല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കില്ല എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഐസ് പല്ലിന്‍റെ മൃദുലമായ കോശത്തെ ബാധിച്ചേക്കാം എന്ന കാര്യം കൂടി ശ്രദ്ധിക്കുക.
- നാല്…
- മിഠായി കഴിച്ചതിന് ശേഷം വായ് നന്നായി കഴുകുക. ഇല്ലെങ്കില്‍ അത് പല്ലിന്‍റെ ഇനാമലിനെ ബാധിക്കാം.
- അഞ്ച്…
- ദിവസത്തിൽ ഒരു നേരമെങ്കിലും പല്ലുകൾ ഫ്ളോസ് ചെയ്യുന്നത് മോണകൾക്കിടയിലും പല്ലുകൾക്കിടയിലും ഇരിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ നീക്കാൻ സഹായിക്കും.
- ആറ്…
- പല്ല് കൊണ്ട് കടിച്ച് ഒന്നും തുറക്കരുത്. പല്ല് കൊണ്ട് എന്തെങ്കിലും തുറക്കാന്‍ ശ്രമിക്കുന്നത് പല്ലില്‍ പൊട്ടല്‍ വരാന്‍ സാധ്യതയുണ്ട്.
- ഏഴ്…
- പുകവലി പല്ലിന്‍റെയും മോണയുടെയും ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. പുകയില ഉല്‍പ്പനങ്ങളുടെ ഉപയോഗം പല്ലില്‍ കറ വരുത്തുകയും ചെയ്യും. അതിനാല്‍ പുകവലി ഉപയോഗം കുറയ്ക്കുക.
- എട്ട്…
- മൂന്നുമാസം കൂടുമ്പോൾ ടൂത്ത്ബ്രഷ് മാറ്റണം. നാരുകൾ വളയാൻ തുടങ്ങിക്കഴിഞ്ഞാൽ ആ ബ്രഷ് ഉപയോഗിക്കാതിരിക്കുക.