ചെന്നൈ: വിനോദ സഞ്ചാരത്തിനായി മൂന്നാര്‍ റിസോര്‍ട്ടിലെത്തിയ 2 വിദ്യാര്‍ത്ഥികളെ ശുചിമുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ചെന്നൈ ഊത്തു കോട്ട വിശ്വേശ്വര മള്‍ട്ടിക്കുലേഷന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായ ജിജോ റാം (15), പി.മദനന് (15) എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവരെ ഉടന്‍ തന്നെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വിശദമാക്കി.
ഇന്നലെ രാവിലെയാണ് 89 കുട്ടികളും 15 അധ്യാപകരുമടങ്ങുന്ന സംഘം പഴയ മൂന്നാറിലെ റിസോര്‍ട്ടിലെത്തിയത്. മുറികളിലെത്തി ഫ്രഷായ ശേഷം എല്ലാവരും ഭക്ഷണം കഴിക്കുന്നതിനായി റിസോര്‍ട്ടിന്റെ ഭക്ഷണശാലയിലെത്തിഎപ്പോഴാണ് രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായത്. തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ തിരച്ചിലിലാണ് രണ്ടു പേരെയും അബോധാവസ്ഥയില്‍ മുറിയുടെ ശുചി മുറിയില്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളം ചൂടാക്കുന്നതിനുപയോഗിക്കുന്ന ഗ്യാസ് ഗീസറില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.