സൗദി: സൗദി അറേബ്യയില്‍ എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്നത് വിലക്കി. ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരുടെ അവകാശങ്ങളും ബാധ്യതകളും വ്യവസ്ഥ ചെയ്യുന്ന കരട് നിയന്ത്രണത്തിന് ജിദ്ദയിലെ അല്‍സലാം പാലസില്‍ കഴിഞ്ഞയാഴ്ച സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. എട്ടു വയസ്സില്‍ താഴെയുള്ളവരെ പൊതുഗതാഗത സംവിധാനങ്ങളില്‍ ഒറ്റയ്ക്ക് യാത്രചെയ്യാന്‍ അനുവദിക്കരുതെന്ന് നിയമത്തില്‍ പറയുന്നു. നഗരത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളിലും ട്രെയിനുകളിലുമാണ് ഈ നിയമം ബാധകം. എന്നാല്‍ നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് നടത്തുന്ന ദീര്‍ഘദൂര പൊതുഗതാഗത സര്‍വീസുകളില്‍ 13 വയസ്സില്‍ താഴെയുള്ള കുട്ടികളെയും ഒറ്റയ്ക്ക് യാത്രചെയ്യാന്‍ അനുവദിക്കില്ല. നിയമം ലംഘിക്കുന്ന യാത്രക്കാരില്‍ നിന്ന് 500 റിയാല്‍ പിഴ ചുമത്തും.
ട്രെയിന്‍ ജീവനക്കാരും ബസ് ജീവനക്കാരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും, കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ അറിയിച്ചു. നിയമത്തിന്റെ വിശദാംശങ്ങള്‍ ഗതാഗത മന്ത്രാലയം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.