താനൂർ: താനൂര്‍ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തി. കേസ് സിബിഐയ്ക്ക് കൈമാറാൻ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് നടപടി. അതേ സമയം മൊഴികളിൽ കൂടുതല്‍ വ്യക്തത വരുത്തിയതിനു ശേഷമേ ആരെയൊക്കെ പ്രതി ചേര്‍ക്കണമെന്ന് അന്വേഷണ സംഘം തീരുമാനിക്കൂ. താമിര്‍ ജിഫ്രിയുടെ മരണത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്തായിരുന്നു സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചിരുന്നത്.
ഇത് കൂടാതെ കൊലക്കുറ്റം, അന്യായമായി തടങ്കല്‍ വെക്കല്‍, രഹസ്യമായി തടവില്‍ വെക്കല്‍, അപകടകകരമായ ആയുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍ പൊതു ഉദ്ദേശത്തിന് വേണ്ടി കൂട്ടം ചേര്‍ന്ന് ക്രിമിനല്‍ പ്രവൃത്തി ചെയ്യല്‍ എന്നീ വകുപ്പുകള്‍ കൂടിയാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് തിരൂര്‍ സബ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. താമിര്‍ ജിഫ്രിക്കൊപ്പം പൊലീസ് കസ്റ്റഡിയില്‍ എടുത്തവരുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഈ മൊഴികളിലൊക്കെ കൂടുതല്‍ വ്യക്തതകള്‍ വരുത്തിയതിന് ശേഷം മാത്രമേ ആരെയൊക്കെ പ്രതിയാക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് അന്വേഷണ സംഘം കടക്കുകയുള്ളൂ.
അന്വേഷണ വിധേയമായി സസ്പെന്‍ഷന്‍ നടപടി നേരിടുന്ന എട്ട് പൊലീസുകാരുടെ മൊഴിയെടുത്തിട്ടില്ല. കേസ് സിബിഐ ഏറ്റെടുക്കുന്നത് വരെ നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരും. മലപ്പുറം എസ് പിക്കെതിരെ നടപടി വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.ലഹരിവസ്തുക്കള്‍ അമിതമായി ശരീരത്തിലെത്തിയതിനൊപ്പം കസ്റ്റഡി മര്‍ദനവും താമിറിന്‍റെ മരണത്തിന് കാരണമായെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം താമിര്‍ ജിഫ്രിയുടെ ആമാശയത്തില്‍ നിന്നും ലഭിച്ച ലഹരവസ്തുവെന്ന് കരുതുന്ന രണ്ട് പാക്കറ്റുകളുടെ രാസപരിശോധനാഫലം പുറത്തു വന്നിട്ടില്ല.
അതിനിടെ താമിര്‍ ജിഫ്രിയെ താനൂർ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നത് കണ്ടെന്ന് കസ്റ്റഡിയിലെടുക്കുമ്പോൾ കൂടെ ഉണ്ടായിരുന്നെന്ന് അവകാശപ്പെടുന്ന യുവാവിന്റെ വെളിപ്പെടുത്തല്‍ രണ്ട് ദിവസം മുമ്പ് പുറത്ത് വന്നിരുന്നു. 12 പേരെ ചോളാരിയിലെ താമസസ്ഥലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും താനുള്‍പ്പടെ 7 പേരെ പുലര്‍ച്ചെ വിട്ടയച്ചെന്നും യുവാവ് പറയുന്നു. സിബിഐ അന്വേഷണത്തിലൂടെ വസ്തുതകള്‍ എല്ലാം പുറത്തുവരുമെന്നാണ് താമിര്‍ ജിഫ്രിയുടെ കുടുംബം പ്രതികരിച്ചത്.