12 വയസുള്ള കുട്ടിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറലായതോടെ മാപ്പ് പറഞ്ഞ് മിഷിഗൺ പോലീസ്. വാഹനമോഷണം നടത്തിയ പ്രതിയെ തിരക്കിയെത്തിയ പൊലീസാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. പിന്നാലെ, ഇതിന്റെ ദൃശ്യം ടിക്ടോക്കിൽ പ്രചരിക്കുകയും പോലീസിന് ഖേദം പ്രകടിപ്പിക്കേണ്ടി വരികയും ചെയ്യുകയായിരുന്നു.
വീഡിയോയിൽ പോലീസ് വെള്ള ടീഷർട്ടും മഞ്ഞ ഷോർട്ട്സും ധരിച്ച ഒരു കുട്ടിയെ ഒരു അപാർട്മെന്റ് കെട്ടിടത്തിന് മുന്നിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. കറുത്ത വർഗക്കാരനായ കുട്ടിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ വൻപ്രതിഷേധമാണ് ഉയർന്നത്. ഇതാണ് പോലീസിനെ കൊണ്ട് ഖേദം പ്രകടിപ്പിച്ചത്.
കുട്ടിയുടെ അച്ഛൻ പറയുന്നത്, അവൻ മാലിന്യം കളയുന്നതിന് വേണ്ടി പുറത്തേക്ക് പോയതാണ് എന്നാണ്. എന്നാൽ കുറച്ച് കഴിഞ്ഞിട്ടും കാണാതായപ്പോൾ സംശയം തോന്നിയ അച്ഛൻ ചെന്നപ്പോൾ കുട്ടിയെ പൊലീസുകാരൻ വിലങ്ങണിഞ്ഞ് കൊണ്ടുപോകുന്നതാണ് കണ്ടത്.
വീഡിയോ തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ പൊലീസുകാരൻ കുട്ടിയെ വിലങ്ങഴിച്ച് സ്വതന്ത്രനാക്കി. 30 സെക്കന്റ് കുട്ടിയോട് സംസാരിക്കുന്നുമുണ്ട്. സംഭവത്തിന് ശേഷം കുട്ടിയുടെ രക്ഷിതാക്കൾ വാർത്താസമ്മേളനം വിളിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. എന്നാൽ, സംഭവം കുട്ടിയിൽ വലിയ മാനസികാഘാതമാണ് സൃഷ്ടിച്ചത് എന്നും അതിനാൽ തന്നെ കുറച്ച് കൂടി വിശദീകരണം നൽകണം എന്നും ഇവരുടെ വക്കീൽ ആവശ്യപ്പെട്ടു. കുടുംബം നിയമപരമായി കൂടുതൽ മുന്നോട്ട് പോകുമെന്നും ഇവർ വ്യക്തമാക്കി.
തെറ്റായ സ്ഥലത്ത്, തെറ്റായ സമയത്ത് എത്തിയത് കൊണ്ട് സംഭവിച്ച നിർഭാഗ്യകരമായ കേസ് എന്നാണ് മിഷിഗൺ പോലീസ് സംഭവത്തെ വിശേഷിപ്പിച്ചത്. അതേസമയം കറുത്ത വംശജരായ ആളുകൾക്കെതിരെ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം അനീതികൾക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധം തന്നെ ഉണ്ടാവുന്നുണ്ട്.