റിയാദ് : സൗദി അറേബ്യയില്‍ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നഴ്സറി, പ്രൈമറി തലങ്ങളിലെ സ്‌കൂളുകളിലും നേരിട്ട് ക്ലാസുകള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ചു. ഞായറാഴ്ച മുതലാണ് സ്‌കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ആരംഭിച്ചത്. സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലാണ് നേരിട്ട് ക്ലാസുകള്‍ ആരംഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സി.ബി.എസ്.ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനം വരും ദിവസങ്ങളിലേക്ക് മാറ്റി നിശ്ചയിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സൗദിയിലെ പ്രാഥമിക വിദ്യാലങ്ങള്‍ തുറന്നപ്പോള്‍ പൂക്കളും മധുരങ്ങളും നല്‍കി അധ്യാപകര്‍ വിദ്യാര്‍ഥികളെ വരവേറ്റു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സൗദിയിലെ എല്ലാ സ്‌കൂളുകളിലും നേരിട്ട് പഠനം ആരംഭിക്കുന്നതിന് വിദ്യഭ്യാസ മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു.
കെ.ജി. തലം മുതല്‍ ആറാം തരം വരെയുള്ള ക്ലാസുകളിലാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. ഏഴ് മുതല്‍ മുകളിലോട്ടുള്ള ക്ലാസുകളില്‍ ഇതിനകം നേരിട്ട് പഠനം നടന്നു വരുന്നുണ്ട്. ഇതോടെ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി. എന്നാല്‍ ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സി.ബി.എസ്.ഇ സ്‌കൂളുകളുടെ പ്രവര്‍ത്തനം വരും ദിവസങ്ങളിലേ തുടങ്ങൂ. ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ നാളെ മുതല്‍ പഠനം ആരംഭിക്കുമ്പോള്‍ ജുബൈലില്‍ ഈ മാസം 27 മുതലാണ് ക്ലാസുകള്‍ ആരംഭിക്കുക. ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ അടുത്ത മാസം ആറാം തിയ്യതി മുതലാണ് പ്രവര്‍ത്തനം നിശ്ചയിച്ചിരിക്കുന്നത്.