ന്യൂഡൽഹി > പുതിയ സ്‌കൂൾ പാഠപുസ്‌തകങ്ങൾ തയ്യാറാക്കുന്നതിന് എൻസിഇആർടി രൂപീകരിച്ച 19 അംഗ സമിതിയിൽ ആർഎസ്‌എസ് പ്രതിനിധിയും. ആർഎസ്‌എസ് സ്ഥാപനമായ സംസ്‌കൃത ഭാരതിയുടെ സ്ഥാപകനായ ചാമു കൃഷ്‌ണ ശാസ്‌ത്രിയെ പാഠപുസ്‌തക സമിതിയിൽ എൻസിഇആർടി ഉൾപ്പെടുത്തി. രാജ്യത്ത് സംസ്‌കൃതം പ്രോത്‌സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആർഎസ്‌എസ് സ്ഥാപനമാണ് സംസ്‌കൃത ഭാരതി. ഇൻഫോസിസ് സ്ഥാപകരിലൊരാളായ എൻ ആർ നാരായണ മൂർത്തിയുടെ ഭാര്യ സുധാ മൂർത്തിയും സമിതിയംഗമാണ്.മൂന്ന് മുതൽ 12 വരെ ക്ലാസുകൾക്കായുള്ള ദേശീയ കരിക്കുലംചട്ടകൂടുമായി സ്‌കൂൾ സിലബസ്, പാഠപുസ്‌തകങ്ങൾ, അധ്യാപനം, പഠനസാമഗ്രികൾ എന്നിവയെ സംയോജിപ്പിക്കലാണ് 19 അംഗ സമിതിയുടെ ഉത്തരവാദിത്തം. എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ ശാസ്‌ത്രയുക്തിക്ക് പകരം മിത്തുകൾ കുത്തിനിറച്ച് ഹൈന്ദവവത്‌കരിക്കുകയെന്ന ആക്ഷേപം നിലനിൽക്കെയാണ് ആർഎസ്‌എസ് ചിന്താഗതിക്കാരെ ഉൾപ്പെടുത്തി പുതിയൊരു സമിതി കൂടി രൂപീകരിച്ചിരിക്കുന്നത്.
നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ (എൻഐഇപിഎ) ചാൻസലർ എം സി പന്തിന്റെ നേതൃത്വത്തിലാണ് പുതിയ സമിതി. ഫീൽഡ്‌സ് മെഡൽ ജേതാവായ ഗണിത ശാസ്‌ത്രജ്‌ഞൻ മഞ്‌ജുൾ ഭാർഗവ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദേബ്‌റോയ്, ഗായകൻ ശങ്കർ മഹാദേവൻ, ബാഡ്‌മിന്റൺ താരം യു വിമൽകുമാർ, സെന്റർ ഫോർ പോളിസി സ്‌റ്റഡീസ് ചെയർമാൻ എം ഡി ശ്രീനിവാസ്, സിഎസ്‌ഐആർ മുൻ ഡയറക്ടർ ജനറൽ ശേഖർ മാണ്ടെ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ സുരിന രഞ്‌ജൻ, ഐഐടി ഗാന്ധിനഗറിലെ പ്രൊഫ. മൈക്കൽ ദാനിനോ, ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിലെ ഗണിത അധ്യാപിക സുജാത രാമദൊരൈ തുടങ്ങിയവരും സമിതിയിലുണ്ട്. നാലുപേർ എൻസിഇആർടി പ്രതിനിധികളാണ്.ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും പാഠപുസ്‌തകങ്ങൾ പരിഷ്‌ക്കരിക്കാനുള്ള ഉത്തരവാദിത്തവും പുതിയ സമിതിക്ക് നൽകിയിട്ടുണ്ട്. ഉയർന്ന ക്ലാസുകളിലെ പരിഷ്‌ക്കരിച്ച പുസ്‌തകങ്ങളുമായി കുട്ടികൾക്ക് വേഗത്തിൽ ഇണങ്ങിചേരുന്നതിനാണ് ഒന്ന്, രണ്ട് ക്ലാസുകളിലെ പുസ്‌തകങ്ങൾ കൂടി പരിഷ്‌ക്കരിക്കുന്നത്.