മസ്കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ടു പ്രവാസികൾ പൊലീസ് പിടിയിൽ. മസ്കറ്റ് ഗവര്‍ണറേറ്റിലെ അൽ-ഖൈറാൻ വിലായത്തിലെ ബീച്ചിൽ എത്തുന്നതിനു മുൻപാണ് ഇവർ ഒമാൻ കോസ്റ്റൽ ഗാർഡിന്റെ പിടിയിലായത്. പിടിയിലായവർ രണ്ടുപേരും ഏഷ്യൻ വംശജരാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ പക്കൽ നിന്നും വൻതോതിൽ ക്രിസ്റ്റൽ മയക്കുമരുന്ന് കണ്ടെത്തുവാൻ കഴിഞ്ഞുവെന്ന് കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇവർ ഉപയോഗിച്ചിരുന്ന ബോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഒമാനിലെ മഴയിലും വെള്ളപ്പാച്ചിലിലും മരണം മൂന്നായി. വാഹനം വെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സൗദിയുടെ ചില മേഖലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ, ഇടിമിന്നൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പൊടുന്നനെയുണ്ടായ മഴയിൽ വെള്ളപ്പാച്ചിലുകൾ രൂപപ്പെട്ടു തോടുകളായി ഒഴുകിയത് മൂലം ഉണ്ടായ അപകടമാണ് മൂന്ന് പേരുടെ ജീവനെടുത്തത്. ബുറേമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിലെ താഴ്വരയിൽ രണ്ട് വാഹനങ്ങളാണ് ഇന്നലെ വെള്ളപ്പാച്ചിലിൽ കുടുങ്ങിയത്. നാല് പേരെ ഉടനെ തന്നെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ബാക്കിയുള്ള 3 പേരാണ് മരിച്ചത്. പൊടുന്നനെയുള്ള വെള്ളപ്പാച്ചിൽ രൂപപ്പെടുന്ന വാദികൾ എന്നറിയപ്പെടുന്ന തോടുകൾ വാഹനം കൊണ്ട് മറികടക്കരുതെന്ന നിർദേശം നിലനിക്കുകയാണ്. കാഴ്ചാ പരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിർദേശമുണ്ട്. സൗദിയുടെ ഭാഗങ്ങളായ ജിസാൻ, അസിർ, അൽ-ബഹ എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നൽ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ശർഖിയ, നജ്‍റാൻ, താബൂക്ക്, മദീന മേഖലകളിൽ മഴ മേഖങ്ങൾ രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.