ഈരാറ്റുപേട്ട : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് തിരുവഴിയാട് സ്വദേശി യുവാവ് അറസ്റ്റില്‍. റിയാസാണ് (35) കണ്ണൂരില്‍ പിടിയിലായത്. വിദ്യാര്‍ഥിനി സ്കൂളില്‍ എത്താന്‍ വൈകിയത് ശ്രദ്ധയില്‍പെട്ട അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത പോലീസ് പോക്സോ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. വിവാഹിതനും 2 കുട്ടികളുടെ പിതാവുമായ പ്രതി വിവരം മറച്ചുവച്ചാണ് കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പാലക്കാടു നിന്ന് ഈരാറ്റുപേട്ടയില്‍ എത്തിയ ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തശേഷം സ്കൂളിനു സമീപമെത്തി കുട്ടിയെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റി ലോഡ്ജില്‍ എത്തിച്ചു. കുട്ടിയെ ഉപദ്രവിച്ച ശേഷം സ്കൂളിനു സമീപം ഇറക്കിവിട്ട് പ്രതി കടന്നു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ഇല്ലാതിരുന്നതിനാല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും സിസി ടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ കോട്ടയം സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്ഐ തോമസ് സേവ്യര്‍, എഎസ്ഐ ഏലിയാമ്മ ആന്റണി, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ കെ.ആര്.ജിനു, സിവില്‍ പോലീസ് ഓഫിസര്‍ ശരത് കൃഷ്ണദേവ് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.