ബൊഗോട്ട: മെയ് 1ന് ഉണ്ടായ വിമാന അപകടത്തിന് പിന്നാലെ ആമസോണ്‍ കാടുകളില്‍ അകപ്പെട്ട് പോയ നാലുകുട്ടികളെ സൈന്യം കണ്ടെത്തിയത് ഏറെ സന്തോഷത്തോടെയാണ് ലോകം കണ്ടത്. എന്നാല്‍ ഈ കുട്ടികളുടെ രണ്ടാനച്ഛനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. 40 ദിവസത്തെ തെരച്ചിലിന് ശേഷം കണ്ടെത്തിയ നാലുകുട്ടികളിലെ മുതിര്‍ന്ന രണ്ട് പേരെ പീഡിപ്പിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
ഗുരുതരമായ നിര്‍ജലീകരണം, പോഷകാഹാരക്കുറവ് അടക്കമുള്ളവ നേരിട്ട കുട്ടികള്‍ കൊളംബിയന്‍ സര്‍ക്കാരിന്‍റെ സര്‍ക്കാരിന്‍റെ സംരക്ഷണയില്‍ കഴിയുന്നതിനിടെ നടന്ന മനശാസ്ത്ര പരിശോധനയിലാണ് കുട്ടികള്‍ പീഡനം നേരിട്ടതായി വ്യക്തമായത്. ലൈംഗിക പീഡനം അടക്കമുള്ളവയാണ് കുട്ടികള്‍ 32കാരനായ രണ്ടാനച്ഛനില്‍ നിന്ന് നേരിട്ടിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സൊളനോയിലെ വീട്ടില്‍ വച്ച് മൂത്ത കുട്ടിക്ക് 10 വയസുള്ള സമയം മുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തല്‍.
പതിനാല് വയസില്‍ താഴെയുള്ളവര്‍ക്കെതിരായ ലൈംഗിക പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തില്‍ പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. നേരത്തെ മകളെ രണ്ടാം ഭര്‍ത്താവ് ആക്രമിച്ചിരുന്നതായി കുട്ടികളുടെ മുത്തച്ഛന്‍ പ്രതികരിച്ചിരുന്നു. കുട്ടികളുടെ മുത്തച്ഛനും രണ്ടാനച്ഛനും തമ്മില്‍ കുട്ടികളുടെ അവകാശ തര്‍ക്കം നടക്കുന്നതിനിടെയാണ് പീഡനവിവരം പുറത്ത് വരുന്നത്.
13 ഉം 9ഉം വയസുള്ള പെണ്‍കുട്ടികളും 4ഉം കാണാതാകുമ്പോള്‍ 11 മാസം മാത്രം പ്രായമുണ്ടായിരുന്ന ആണ്‍കുട്ടികളും ആമസോണ്‍ വനത്തില്‍ അതിജീവനത്തിന്റെ കരുത്തുറ്റ മാതൃകയായി മാറിയിരുന്നു. മെയ് 1ന് ഉണ്ടായ വിമാന അപകടത്തിലാണ് പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും നാലും ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരങ്ങള്‍ കാട്ടിൽ അകപ്പെട്ടത്.