തിരുവനന്തപുരം : റിപ്പബ്ലിക് ദിന ഫ്‌ലോട്ടില്‍ കേരളത്തെ ഒഴിവാക്കിയ നടപടിക്കെതികെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തീരുമാനത്തിന് പിന്നില്‍ സംഘ പരിവാര്‍ അജണ്ടയാണെന്ന് സിപിഐഎം മുഖപത്രത്തില്‍ കോടിയേരി ആരോപിച്ചു. കേരളത്തെ മാറ്റി നിര്‍ത്തിയത് ശ്രീനാരായണ ഗുരുവിനെ ഫ്‌ളോട്ടില്‍ അവതരിപ്പിച്ചതിനാലാണെന്നും റിപ്പബ്ലിക് ദിനാഘോഷ ചരിത്രത്തില്‍ തീരാകളങ്കമാണ് ഇതെന്നും കോടിയേരി തുറന്നടിച്ചു. ശ്രീ നാരായണ ദര്‍ശനവും സംഘ പരിവാര്‍ രാഷ്ട്രീയവും ഏച്ചുകെട്ടിയാലും പൊരുത്തപ്പെടാത്തവയാണെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി പറയുന്നു. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തില്‍ നിന്നുള്ള നിശ്ചലദൃശ്യം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു.
കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. കാലികപ്രസക്തവും സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്റെ ടാബ്ലോ അവതരിപ്പിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം സൂചിപ്പിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് പ്രതിഷേധാര്‍ഹമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.