മുളങ്കുന്നത്തുകാവ്: കാർഡിയോളജി വിഭാഗത്തിൽ സങ്കീർണവും നൂതനവുമായ ചികിത്സാ രീതികളുമായി തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. ഹൃദ്രോഗ ചികിത്സകൾക്ക് പുറമെ സങ്കീർണമായ നൂതന ചികിത്സാ രീതികളും ആരംഭിച്ചു. പ്രായക്കൂടുതലുള്ള രോഗികൾക്കും ധമനികളിൽ കാൽസ്യം അടിഞ്ഞുകൂടി പാറക്കല്ല്‌പോലെ ഉറച്ചിരിക്കുന്ന അവസ്ഥയുള്ള രോഗികൾക്കും ആൻജിയോപ്ലാസ്റ്റി പൂർണമായും ഫലവത്താവാത്ത സ്ഥിതിയുണ്ട്.പ്രായം കൂടുതലുള്ളവർക്ക് ബൈപാസ് സർജറി വളരെ ബുദ്ധിമുട്ടുള്ളതാണ്. സ്‌റ്റെന്റ് ഇടുന്നതിനു മുമ്പ് കാൽസ്യം പൊട്ടിച്ച് രക്തധമനി സജ്ജമാക്കണം. ഇതിന് റോട്ടബ്ലേഷൻ ഉൾപ്പെടെയുള്ള നൂതന ചികിത്സാരീതികളാണ് മെഡിക്കൽ കോളേജ് ആശുപത്രി പിന്തുടരുന്നത്. സ്‌റ്റെന്റ് വച്ചാണ് കാൽസ്യം ഉള്ള ബ്ലോക്കുകളിൽ ചികിത്സ ചെയ്യുന്നത്.
സാധാരണ ചെയ്യുന്ന ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി എന്നിവയ്‌ക്ക് പുറമെ തലച്ചോറിലേക്കുള്ള രക്തധമനികളിലെ ബ്ലോക്ക് മാറ്റൽ , കൈകാലുകളിലെ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റൽ, ഹൃദയത്തിലെ ദ്വാരം ട്യൂബ് കടത്തി അടക്കുക, വാൽവ് ചുരുങ്ങിയാൽ ബലൂൺ കടത്തി വികസിപ്പിക്കുക, ഹൃദയത്തിന്റെ സ്പീഡ് കുറയുമ്പോൾ ചെയ്യുന്ന പേസ്‌മേക്കർ, ഹൃദയതാളം തെറ്റിയാൽ ഹൃദയത്തിനകത്തുനിന്ന് ഷോക്ക് കൊടുത്ത് ശരിയാക്കുന്ന ഐസിഡി മുതലായ ചികിത്സകളും ഇവിടെ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം 50 പേസ്‌മേക്കർ ഘടിപ്പിക്കലും 15 ഹൃദയദ്വാരമടയ്‌ക്കലും നടത്തി. പണച്ചെലവ് കൂടുതൽ വരുന്ന ചികിത്സകൾ ഇൻഷുറൻസിന്റെ സഹായത്തോടെയാണ് ചെയ്യുന്നത്. കഴിഞ്ഞ വർഷം കാർഡിയോളജിയിൽ ഒപി ചികിത്സ തേടിയെത്തിയത് 41,000 രോഗികളാണ്.
വർധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിനനുസൃതമായി നൂതനവും കൂടുതൽ ഫലപ്രദവുമായ ചികിത്സാരീതികളിലൂടെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് കാർഡിയോളജി ചികിത്സാ വിഭാഗം ജനങ്ങൾക്ക് ആശ്വാസമാവുകയാണ്. വിവിധ വിഭാഗങ്ങളിലായും അടിസ്ഥാന സൗകര്യ വികസനത്തിനായും ഈ സാമ്പത്തിക വർഷത്തിൽത്തന്നെ കോടിക്കണക്കിനു രൂപയുടെ പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടപ്പാക്കിയിട്ടുള്ളത്.