തിരുവനന്തപുരം > സംസ്ഥാനത്തെ മികച്ച ഡോക്‌ടർമാർക്കുള്ള 2022ലെ പുരസ്കാരങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ഹെൽത്ത് സർവീസ് വിഭാഗത്തിൽ കണ്ണൂർ, മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സി ഇ അനൂപ്, മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം പ്രൊഫസർ ഡോ. എസ് ഗോമതി, ഇൻഷുറൻസ് മെഡിക്കൽ സർവീസ് മേഖലയിൽ പാലക്കാട് ഇഎസ്ഐ ആശുപത്രി ഫിസിഷ്യൻ ഡോ. എസ് ജയശ്രീ, ഡെന്റൽ മേഖലയിൽ കോഴിക്കോട് വടകര ജില്ലാ ആശുപത്രി ജൂനിയർ കൺസൾട്ടന്റ് (ഡെന്റൽ) ഡോ. എൻ എസ് സജു, സ്വകാര്യമേഖലയിൽ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ അനസ്‌തേഷ്യാ വിഭാഗം കൺസൾട്ടന്റ് ഡോ. പി ശശിധരൻ എന്നിവരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
15,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർപേഴ്‌സണായ സംസ്ഥാനതല കമ്മിറ്റിയാണ് അവാര്‍ഡ് നിർണയിച്ചത്. കോവിഡ് സാഹചര്യത്തിൽ മുൻ വർഷങ്ങളിൽ ഡോക്ടർമാർക്ക് അവാർഡ് നൽകിയിരുന്നില്ല. പുതുക്കിയ മാർഗരേഖയനുസരിച്ചായിരുന്നു ഇത്തവണത്തെ അവാർഡ് നിർണയം.