കണ്ണൂർ> കണ്ണൂരിൽ ട്രെയിനുകൾക്ക് കല്ലെറിഞ്ഞ സംഭവം ആസൂത്രിതമല്ലെന്നും ലഹരി മാഫിയാ സംഘമാകാം ഇതിനുപിന്നിലെന്നും ആർപിഎഫ് നിഗമനം. ലഹരി മാഫിയാ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി പറഞ്ഞു. നേത്രാവതി എക്സ്പ്രസിന് കണ്ണൂരിനും വളപട്ടണത്തിനുമിടയിലും ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് കണ്ണൂരിനും കണ്ണൂർ സൗത്തിനുമിടയിലും കല്ലേറുണ്ടായെന്നാണ് ഞായറാഴ്ച രാത്രി വാർത്ത പ്രചരിച്ചത്. എന്നാൽ ഇരു ട്രെയിനുകൾക്കും കണ്ണൂരിനും വളപട്ടണത്തിനുമിടയിൽ കല്ലേറുണ്ടായെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്ന് ആർപിഎഫ് വ്യക്തമാക്കി.
അക്രമത്തിൽ ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസിന്റെ ജനൽച്ചില്ല് തകർന്നിരുന്നു. നേത്രാവതി എക്‌സ്‌പ്രസിന്റെ എ വൺ എസി കോച്ചിന്റെ ജനൽച്ചില്ലിനും പോറലേറ്റു. ആർപിഎഫും റെയിൽവേ പൊലീസും വളപട്ടണം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംശയം തോന്നി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇവർക്ക് സംഭവവുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവത്തെത്തുടർന്ന് കോഴിക്കോട് മുതൽ മംഗളൂരു വരെ ട്രെയിനുകളിൽ ആർപിഎഫും റെയിൽവേ പൊലീസും പരിശോധന നടത്തി. സ്റ്റേഷനുകളിലും പാളങ്ങളിലും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.