ദില്ലി: സ്വാതന്ത്ര്യ ദിനാഘോഷ വേളയിലെ ചെങ്കോട്ട പ്രസംഗത്തിൽ മണിപ്പൂരിനെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് പ്രസംഗമധ്യേ മോദി പറഞ്ഞു. മണിപ്പൂരിൽ സമാധാനം വേണം. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മണിപ്പൂർ സമാധാന പാതയിലേക്ക് തിരികെ വരുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ ചേർന്ന് സമാധാനം പുനസ്ഥാപിക്കാൻ സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും മോദി വിശദമാക്കി. മണിപ്പൂരിലുണ്ടായത് ഹിംസാത്മ പ്രവർത്തനങ്ങളാണ്. പെൺമക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റു. നിരവധി പേർക്ക് മണിപ്പൂരിൽ ജീവൻ നഷ്ടമായി എന്നും പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പൂരിൽ സമാധാനത്തിന് ആഹ്വാനം ചെയ്തും ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമായിരുന്നു പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം. പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി പ്രസംഗത്തിലുടനീളം അടുത്ത തെരഞ്ഞെടുപ്പിലും ഭരണത്തുടർച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത അഞ്ചു വർഷത്തിൽ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും എന്നും 2047 ൽ ഇന്ത്യ വികസിതരാജ്യമാകും എന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഓഗസ്റ്റ് 15നും വികസന നേട്ടം പങ്കുവെക്കാന്‍ ചെങ്കോട്ടയില്‍ എത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണങ്ങളുടെ കാലം കഴിഞ്ഞെന്നും രാജ്യം ഇപ്പോൾ സുരക്ഷ അനുഭവിക്കുന്നുവെന്നും പറഞ്ഞ മോദി പരമ്പരാഗത മേഖലയ്ക്ക് 15000 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു.
രാവിലെ ഏഴരയോടെയാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ 140 കോടി ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നുവെന്ന് പറഞ്ഞാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു തുടങ്ങിയത്. നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യൻ യുവതയിൽ പ്രതീക്ഷ അർപ്പിക്കുന്നു എന്നും പറഞ്ഞു.