ദില്ലി: വിലക്കയറ്റത്തിന്റെ രൂക്ഷത വിശദമാക്കിയ പ്രതികരണത്തിലൂടെ വൈറലായ പച്ചക്കറി കച്ചവടക്കാരന് വിരുന്നൊരുക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിങ്കളാഴ്ചയാണ് രാമേശ്വര്‍ എന്ന ദില്ലിയിലെ പച്ചക്കറി കച്ചവടക്കാരന് രാഹുല്‍ ഗാന്ധി ദില്ലിയിലെ വസതിയില്‍ ഉച്ചഭക്ഷണമൊരുക്കിയത്. ജൂലൈ മാസത്തില്‍ സമൂഹമാധ്യമങ്ങളില്‍ തക്കാളി വില കുതിച്ചുയര്‍ന്നതിന് പിന്നാലെ രാമേശ്വര്‍ നടത്തിയ പ്രതികരണം വൈറലായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് രാമേശ്വറിനെ രാഹുല്‍ വീട്ടിലേക്ക് ക്ഷണിച്ചത്.
കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതിനിധിയാണ് രാമേശ്വറെന്നും പ്രതികൂല സാഹചര്യങ്ങളേയും ചെറിയ ചിരിയോടെ നേരിടുന്ന കര്‍ഷകനെ അഭിനന്ദിച്ചാണ് രാഹുലിന്‍റെ പ്രതികരണം. ദില്ലിയിലെ ആസാദ്പൂര്‍ മാര്‍ക്കറ്റിലെത്തിയ വഴിയോരക്കച്ചവടക്കാരനായ രാമേശ്വര്‍ വിലക്കയറ്റത്തില്‍ വില്‍പനയ്ക്ക് സാധനങ്ങള്‍ എടുക്കാനാവാതെ കണ്ണീരോടെ മടങ്ങുന്നതും പ്രതികരിക്കുന്നതുമായ വീഡിയോ ഏറെ ചര്‍ച്ചയായിരുന്നു. വാങ്ങാനുള്ള പണമില്ല, വാങ്ങുന്നത് തന്നെയും എന്ത് വിലയില്‍ കൊട്ക്കാനാവുമെന്ന് ഉറപ്പില്ല, നഷ്ടത്തിലാണ് അവസാനം കച്ചവടം എത്തുക എന്ന് വിശദമാക്കിയതിനൊപ്പം ഒരു ദിവസം 200 രൂപ വരെ സമ്പാദിച്ചാല്‍ പോലും നിത്യ ചെലവുകള്‍ കൂട്ടിമുട്ടാത്ത സ്ഥിതിയാണ് രാജ്യത്തുള്ളതെന്നും രാമേശ്വര്‍ പ്രതികരിച്ചിരുന്നു.
രാജ്യം നിലവില്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഒരു ഭാഗത്ത് അധികാരമുള്ളവരും അധികാരത്തിന്‍റെ സംരക്ഷണമുള്ളവരും മറു ഭാഗത്ത് പച്ചക്കറി വാങ്ങാന്‍ പോലും കഴിയാതെ നില്‍ക്കുന്ന സാധാരണക്കാരനുമാണെന്ന് രാഹുല്‍ പ്രതികരിക്കുന്നു. ഇവര്‍ തമ്മിലുള്ള അന്തരം കുറയ്ക്കാനാവണം നമ്മള്‍ ശ്രമിക്കേണ്ടതെന്നും രാഹുല്‍ പ്രതികരിക്കുന്നു.