കൊല്‍ക്കത്ത: ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റലിലെ ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ച സംഭവത്തിലാണ് സഹപാഠികളും പൂര്‍വ വിദ്യാര്‍ത്ഥികളും അറസ്റ്റിലായത്. ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ് നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ബംഗാളില്‍ വ്യാപകമായ ജനരോഷം ഉയരാന്‍ ഇടയായ സംഭവത്തില്‍ നേരത്തെ തന്നെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെയാണ് ആറ് പേരെക്കൂടി പിടികൂടിയത്. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. പൊലീസിന് തങ്ങള്‍ പറയുന്നതു പോലെ മൊഴി നല്‍കണമെന്ന് ഇവര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ കാമ്പസിലുണ്ടായിരുന്ന ഇവര്‍ പിന്നീട് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബംഗാളി ഹോണേഴ്സ് ബിരുദ വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റലിലെ ബാല്‍ക്കണിയില്‍ നിന്നു വീണത്. ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ക്രൂരമായ റാഗിങ് നടന്നതായുള്ള നിരവധി ആരോപണങ്ങള്‍ ഇതിനോടകം ഉയര്‍ന്നു. ലൈംഗിക പീഡനം നടന്നതായുള്ള ആരോപണങ്ങളും അന്വേഷിക്കുന്നുണ്ട്.