വിഴിഞ്ഞം ∙യാത്രക്കാർ ടിക്കറ്റ് എടുക്കാത്തതിന്റെ പേരിൽ കണ്ടക്ടർമാർക്ക് വലിയ തുക പിഴ ചുമത്തലിനൊപ്പം വിഴിഞ്ഞം ഡിപ്പോയിൽ വെഹിക്കിൾ സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ എന്നിവർക്കെതിരെയും ഭീമമായ പിഴ. വാഹനം സർവീസ് നടത്തിയില്ലെന്ന പേരിലാണ് ഇരുവർക്കുമെതിരെ പതിനെണ്ണായിരത്തിൽപ്പരം രൂപയുടെ പിഴ ശിക്ഷയെന്ന് പരാതി. എന്നാൽ ജീവനക്കാരുടെ കുറവാണു പരിമിതിയെന്നത് അധികൃതർ മനപൂർവം അവഗണിച്ചാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഏകപക്ഷീയമായ പിഴ ചുമത്തൽ എന്നും പരാതിയുയർന്നു. സ്ഥലം മാറ്റം, സ്ഥാന കയറ്റം, വിരമിക്കൽ എന്നിവ കാരണം വിഴിഞ്ഞം ഡിപ്പോയിൽ കണ്ടക്ടർമാർ, ഡ്രൈവർമാർ എന്നിവരുടെ വലിയ തോതിലുള്ള ഒഴിവാണുള്ളതെന്ന് ജീവനക്കാർ പറഞ്ഞു. ഒഴിവു നികത്തുന്നുമില്ല. പ്രതിദിന കലക്‌ഷനിൽ ജില്ലയിൽ തന്നെ മുൻനിരയിലുള്ള ഡിപ്പോയിൽ ആവശ്യത്തിനുള്ള ജീവനക്കാർ, സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്താതെ മാനേജ്മെന്റ് നടത്തുന്ന ശിക്ഷണ നടപടികൾക്കെതിരെയാണ് പ്രതിഷേധം.