തിരുവനന്തപുരം ∙ ഇ–ഗവേണൻസിൽ ഏറെ മുന്നിലാണെന്നു വീമ്പിളക്കുന്ന സംസ്ഥാന സർക്കാരിൽ നിന്നു വിവരങ്ങൾ തേടി ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർ പെട്ടു. കയ്യിലുള്ള പണവും പോയി, വിവരങ്ങളൊട്ടു കിട്ടുന്നുമില്ല. 2 മാസം മുൻപ് സുപ്രീംകോടതി നിർദേശ പ്രകാരം സർക്കാർ തട്ടിക്കൂട്ടിയ ആർടിഐ പോർട്ടലാണു മൊത്തത്തിൽ തട്ടിപ്പായി മാറിയത്. മുൻപ് ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിച്ചവർക്കും പണം പോയതല്ലാതെ വിവരമൊന്നും കിട്ടിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം ജനങ്ങൾക്കു വിവരങ്ങൾ കൈമാറാൻ സർക്കാരിനു താൽപര്യമില്ലെന്നു വ്യക്തമാക്കുന്നതാണ് ഇൗ പോർട്ടൽ അട്ടിമറി.
കേന്ദ്ര സർക്കാരും വിവിധ സംസ്ഥാനങ്ങളും വിവരാവകാശ അപേക്ഷകൾ സ്വീകരിക്കാനും രേഖകൾ കൈമാറാനും ഫലപ്രദമായി പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടൽ ഒരുക്കിയിട്ട് 4 വർഷത്തിലേറെയായി. എന്നാൽ, കേരളത്തിൽ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷ സമർപ്പിക്കുന്ന ഇ ഡിസ്ട്രിക്ട് പോർട്ടലിൽ 2 വർഷം മുൻപ് വിവരാവകാശ അപേക്ഷകൾ സ്വീകരിക്കാൻ സൗകര്യമൊരുക്കിയെങ്കിലും അമ്പേ പാളുകയായിരുന്നു. തുടർന്ന്, പ്രവാസി ലീഗൽ സെല്ലിന്റെ ഹർജി പരിഗണിച്ച സുപ്രീംകോടതി എല്ലാ സംസ്ഥാനങ്ങളോടും ഓൺലൈൻ പോർട്ടൽ ഒരുക്കാൻ നിർദേശിച്ചു.തുടർന്നാണ് കോടതിയെ ബോധിപ്പിക്കാനായി പുതിയ പോർട്ടൽ തട്ടിക്കൂട്ടിയത്. ഇതിൽ അപേക്ഷ സമർപ്പിച്ചാൽ തുടർനടപടിയുണ്ടാകില്ല. ലഭിക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യാൻ ഓരോ വകുപ്പിലും നോഡൽ ഓഫിസർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും അപേക്ഷകർ വിളിക്കുമ്പോൾ ആണ് നോഡൽ ഓഫിസർമാരാണു തങ്ങളെന്ന് അവർ പോലും അറിയുന്നത്. അപേക്ഷയ്ക്ക് 30 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണു ചട്ടം. മറുപടി ലഭിച്ചില്ലെങ്കിൽ അപ്പീൽ നൽകാം. എന്നാൽ, സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ അപ്പീലും സമർപ്പിക്കാനാകുന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വിവരാവകാശ പ്രവർത്തകർ.