തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍കൂട്ടികണ്ടു പ്രതിരോധം ഒരുക്കുന്നതില്‍ പൊതുജനാഭിപ്രായ രൂപീകരണം വളരെ പ്രധാനമെന്ന് ദേശീയ വനിതാ കമീഷന്‍ മെമ്പര്‍ സെക്രട്ടറി മീനാക്ഷി നെഗി. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും വനിത കമീഷനുകളുടെ റീജിയണല്‍ മീറ്റില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മെമ്പര്‍ സെക്രട്ടറി.
സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങളും വിവേചനങ്ങളും സംഭവിച്ചു കഴിഞ്ഞശേഷം നടപടി എടുക്കുന്നതിലുപരി ആക്രമണങ്ങള്‍ മുന്‍കൂട്ടികണ്ടു പ്രതിരോധിക്കാനാണ് കമീഷന്‍ ശ്രമിക്കുന്നത്. മോശം സംഭവങ്ങളുണ്ടാകുന്നതുവരെ കാത്തിരിക്കാന്‍ ആവില്ല. അത്തരത്തില്‍ പ്രതിരോധം ഒരുക്കണമെങ്കില്‍ ശക്തമായ പൊതുജനാഭിപ്രായം രൂപീകരിക്കേണ്ടതുണ്ട്. വലിയതോതില്‍ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്. ചതിക്കുഴികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, അത് സമൂഹം ഉള്‍ക്കൊള്ളുക എന്നത് സുപ്രധാനമാണ്.
കശ്മീരിലേക്ക് കടത്തിക്കൊണ്ടു വരുന്ന സ്ത്രീകളില്‍ കൂടുതലും കിഴക്കന്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ ഭാഷയുടെയോ സംസ്ഥാനത്തിന്റെയോ അതിര്‍ത്തികള്‍ ഭേദിക്കുന്നതാണ്. ശ്രീനഗറില്‍ നിന്നും രക്ഷപ്പെടുത്തുന്ന പെണ്‍കുട്ടികളില്‍ കൂടുതല്‍ പേരും കിഴക്കന്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മികച്ച ജോലി, വിവാഹം, നല്ല ജീവിതം എന്നീ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് അവരെ കൊണ്ടു പോകുന്നത്. റീജിയണല്‍ മീറ്റില്‍ നിന്നും ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ദേശീയ വനിതാ കമീഷന്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളില്‍ ഉള്‍പ്പെടുത്തുമെന്നും ദേശീയ വനിതാ കമീഷന്‍ മെമ്പര്‍ സെക്രട്ടറി പറഞ്ഞു. ദേശീയ വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച പരിപാടിക്ക് ആതിഥ്യം വഹിച്ചത് കേരള വനിതാ കമ്മീഷനാണ്.
മണിപ്പൂരിലെ സംഘര്‍ഷ സ്ഥിതിയില്‍ എല്ലാ ദുരിതങ്ങളും പേറേണ്ടിവരുന്ന സ്ത്രീകളുടെ കഠിനാവസ്ഥ വേദനിപ്പിക്കുന്നതാണെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തമിഴ്നാട് വനിതാ കമ്മിഷന്‍ അധ്യക്ഷ എ.എസ്. കുമാരി, സംസ്ഥാന വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ മഞ്ജു പ്രസന്നന്‍ പിള്ള, സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക, സംസ്ഥാന വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയ വാഷിങ്ടണ്‍ എന്നിവര്‍ സംസാരിച്ചു.
കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നുള്ള വനിത ശിശു വികസന വകുപ്പ്, സാമൂഹിക നീതി വകുപ്പ്, എന്‍ജിഒകള്‍, ഈ രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ ഏകദിന റീജിയണല്‍ മീറ്റില്‍ പങ്കെടുത്തു.