തൃശൂര്‍: ഓണക്കാലമായിട്ടും നിലയ്ക്കാത്ത നിലവിളികളുമായി ജീവിക്കേണ്ട അവസ്ഥയിലാണ് കേരള ജനതയെന്ന് ടി എന്‍ പ്രതാപന്‍ എംപി. വിലക്കയറ്റത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പട്ടിണി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷന്‍ കടകളിലും മാവേലി സ്റ്റോറുകളിലും സിവില്‍ സപ്ലൈസ് ഷോപ്പുകളിലും അനിവാര്യമായ ഭക്ഷ്യവസ്തുക്കള്‍ ഒന്നുമില്ല. അതിരൂക്ഷമായ വിലക്കയറ്റത്താല്‍ മുഴുപട്ടിണിയിലായ നാടിനെ രക്ഷിക്കാന്‍ ശ്രമിക്കാത്ത മുഖ്യമന്ത്രി മുഖം വികൃതമായ കപട കമ്യൂണിസ്റ്റുകാരനായി മാറി.വീണ വിജയന്റെ കോടികളുടെ മാസപ്പടി, ഡാറ്റ ബാങ്ക്, കെ ഫോണ്‍, എഐ ക്യാമറ തുടങ്ങിയവയിലെ വന്‍ അഴിമതികളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ജീര്‍ണതയിലേക്ക് എത്തിച്ചതായും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് നേതാക്കളായ എം പി വിന്‍സെന്റ്, ഒ അബ്ദുറഹിമാന്‍കുട്ടി, ടി വി ചന്ദ്രമോഹന്‍, ജോസഫ് ചാലിശേരി, സുനില്‍ അന്തിക്കാട്, കെ ബി ശശികുമാര്‍, ഐ പി പോള്‍, സി ഒ ജേക്കബ്, രാജേന്ദ്രന്‍ അരങ്ങത്ത്, സി സി ശ്രീകുമാര്‍, ഷാജി കോടങ്കണ്ടത്ത്, കെ എച്ച് ഉസ്മാന്‍ ഖാന്‍, കെ എഫ് ഡൊമനിക്ക്, കെ ഗോപാലകൃഷ്ണന്‍, കല്ലൂര്‍ ബാബു, ടി എം രാജീവ്, കെ.വി. ദാസന്‍, കെ കെ ബാബു, സ്വപ്ന രാമചന്ദ്രന്‍, ഷീന ചന്ദ്രന്‍, ബിന്ദു കുമാരന്‍, ലാലി ജയിംസ്, ഒ ജെ ജനീഷ്, അഡ്വ. സുഷില്‍ ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. തെക്കേഗോപുരനടയില്‍നിന്ന് ആരംഭിച്ച പട്ടിണി മാര്‍ച്ച് കലക്‌ട്രേറ്റില്‍ സമാപിച്ചു.
തുടര്‍ന്ന് കലക്‌ട്രേറ്റിന് മുന്നില്‍ അടുപ്പ് കുട്ടി പട്ടിണി കഞ്ഞി വച്ചു. ദരിദ്രാവസ്ഥയിലായ കേരളത്തെ അനുസ്മരിക്കുന്ന രീതിയില്‍ പാളപ്ലേറ്റില്‍ പാളസ്പൂണ്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചമ്മന്തി കൂട്ടി കഞ്ഞി കുടിച്ചു. നൂറുകണക്കിനാളുകള്‍ക്ക് പട്ടിണി കഞ്ഞി വിതരണം ചെയ്തു. വനിതാ നേതാക്കള്‍ പങ്കെടുത്ത പട്ടിണി മാര്‍ച്ചിന് ലീലാമ്മ തോമസ്, ജിന്നി ജോയ്, റെജി ജോര്‍ജ്, ബിന്ദു സേതുമാധവന്‍, കവിത പ്രേംരാജ്, മഞ്ജുള ദേശമംഗലം, സ്മിത മുരളി, രഹന ബിനീഷ്, റസിയ ഹബീബ്, രേണുക ശങ്കര്‍, സൗഭാഗ്യവതി, കരോളി ജോഷ്വാ, സ്വപ്ന ഡേവിസ്, അമ്പിളി സുധീര്‍, മിനി ഉണ്ണിക്കൃഷ്ണന്‍, ഷീജ വി സി, ബീന പി കെ, ലീന എന്നിവര്‍ നേതൃത്വം നല്‍കി.