മണർകാട് : ജെയ്ക് സി തോമസിലൂടെ പുതുപ്പള്ളി മണ്ഡലത്തിന്റെ ചരിത്രം മാറാൻപോകുകയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻജോസ് കെ മാണി എംപി പറഞ്ഞു. ഇടതിനൊപ്പമാണ് പുതുപ്പള്ളിയുടെ ഹൃദയമെന്ന് വ്യക്തമാക്കുന്നതാണ് പുതുപ്പള്ളിയിൽതെളിഞ്ഞ തെരഞ്ഞെടുപ്പ് ചിത്രം. എൽഡിഎഫ് പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണികൾ മാറിമാറി ഭരിക്കുന്ന കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയാണ് 2021ൽ പിണറായി വിജയൻ സർക്കാർ തുടർഭരണം നേടിയത്. അതുകൊണ്ട് ചരിത്രങ്ങൾ മാറുമോ എന്ന സംശയത്തിന് പ്രസക്തിയില്ല. ഇന്ന് എല്ലാവരും ചർച്ചചെയ്യുന്നത് പുതുപ്പള്ളിയുടെ വികസനമാണ്. എല്ലാ കാര്യങ്ങൾക്കും സമീപമണ്ഡലങ്ങളെ ആശ്രയിക്കുന്ന പതിവ് മാറണം. പുതുപ്പള്ളിയിലും കുടിവെള്ളപദ്ധതികളും കോടതിയും സിവിൽ സ്റ്റേഷനും ഇൻഡോർ സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കും നിലവാരമുള്ള റോഡുകളുമെല്ലാം വരണം. വർഗീയതയെ കേരളത്തിന്റെ മണ്ണിൽ പ്രവേശിപ്പിക്കാതെ തടയിടുന്നത് എൽഡിഎഫ് ആണെന്നും ജോസ് കെ മാണി പറഞ്ഞു.