തിരുവനന്തപുരം: നികുതി വെട്ടിപ്പ് ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വിശദീകരണം തള്ളി സിപിഐഎം. ന്യായവിലയുടെ അടിസ്ഥാനത്തിലല്ല സംസ്ഥാനത്ത് ഭൂമിക്കച്ചവടം നടക്കുന്നത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ മാത്യു കുഴല്‍നാടന്‍ കൃത്യമായ മറുപടി പറയട്ടെയെന്നും വെല്ലുവിളി ഏറ്റെടുക്കുന്നതിനെ കുറിച്ച് അതിനുശേഷം ആലോചിക്കാമെന്നുമാണ് സിപിഐഎം നിലപാട്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് സിപിഐഎമ്മിനെതിരെ ഇന്നലെ മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും നെറ്റിയിലെ വിയര്‍പ്പിന്റെ വില അറിഞ്ഞ് ജീവിക്കണം എന്നതാണ് തന്റെ രീതിയെന്നുമാണ് എംഎല്‍എയുടെ വാക്കുകള്‍. വളരെ ഗുരുതരമായ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. കള്ളപ്പണം വെളിപ്പിക്കല്‍ രാജ്യദ്രോഹത്തോളം ഗൗരവമുള്ള കുറ്റമാണ്. അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും വില കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് അറിയില്ല. രക്തം ചിന്തിയാലും വിയര്‍പ്പ് ചിന്തില്ല എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ആശയമെന്നും മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചു.
മാത്യു കുഴല്‍നാടനെതിരെ ഒരേസമയം രണ്ട് ആരോപണങ്ങളാണ് സിപിഐഎം ഉന്നയിക്കുന്നത്. മൂവാറ്റുപുഴ എംഎല്‍എ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് സിപിഐഎം ആരോപണം.