ഇംഫാൽ∙ മണിപ്പുരിൽ സംഘർഷത്തിന് അയവുണ്ടാകുന്നില്ല. നാലു ഗ്രാമങ്ങളിലായി പ്രക്ഷോഭകാരികളുടെ നേതൃത്വത്തിൽ വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോർട്ട്. അതിനിടെ പൊലീസ് വ്യാപകമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്നും, ആയുധങ്ങളും, ബോംബുകളും, ഗ്രനേഡുകളും ഉൾപ്പെടെയുള്ളവ കണ്ടെത്തി. മയക്കമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് നാലുപേരെ എൻഎബി അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഇംഫാലിൽ നിന്ന് അസം സ്വദേശികളാണ് പിടിയിലായത്. പൊലീസിന്റെ പരിശോധനകളിൽ എട്ടു തോക്കുകൾ, നിരവധി തിരകൾ, ആറു ഗ്രനേഡുകൾ എന്നിവയാണ് കണ്ടെത്തിയത്. ബിഷ്ണുപുർ, ചുരാചന്ദ്പുർ, കാങ്പോക്പി, ഈസ്റ്റ് ഇംഫാൽ, തെങ്കുണോപാൽ, എന്നിവിടങ്ങളിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിൽ 11 തോക്കുകൾ കണ്ടെത്തിയിരുന്നു.
ഇതിനിടെ മണിപ്പുരിൽ പ്രത്യേക ഭരണകൂടം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കുക്കികൾ കഴിയുന്ന അഞ്ച് മലയോരജില്ലകൾക്കായി പ്രത്യേക ഭരണകൂടം ആവശ്യപ്പെട്ട് 10 കുക്കി എംഎൽഎമാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 500 കോടി രൂപ സഹായമായി മണിപ്പുരിന് അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കുക്കികളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം ശക്തമാകുന്നുണ്ട്. ദേശീയപാത ഉപരോധത്തിലേക്ക് വീണ്ടും കടക്കുമെന്ന് ഇവർ സൂചിപ്പിച്ചു.
മണിപ്പുരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിനായി 29 വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള 53 ഓഫീസർമാരെ സിബിഐ നിയോഗിച്ചു. കലാപവുമായി ബന്ധപ്പെട്ട 17 കേസുകളാകും സിബിഐ അന്വേഷിക്കുക. കഴിഞ്ഞ മൂന്നുമാസമായി തുടരുന്ന കലാപത്തിൽ 160 പേരാണ് മരിച്ചത്.