കണ്ണൂർ: ജനനവും മരണവും യഥാസമയം രജിസ്റ്റർ ചെയ്യുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ബോധവത്കരണം നടത്തണമെന്ന് ജനന, മരണ രജിസ്ട്രേഷൻ ജില്ലാതല കോഓഡിനേഷൻ കമ്മിറ്റി യോഗം നിർദേശിച്ചു. ജില്ലയിലെ 13 തദ്ദേശ സ്ഥാപനങ്ങളിലെ വ്യക്തികൾ കഴിഞ്ഞ വർഷം 20 മുതൽ 29 ശതമാനം വരെ ജനന, മരണ രജിസ്ട്രേഷൻ വൈകിയാണ് നടത്തിയതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി.ജനനവും മരണവും സംഭവ ദിവസം മുതൽ 21 ദിവസത്തിനകം പ്രാദേശിക രജിസ്ട്രേഷൻ യൂനിറ്റിൽ റിപ്പോർട്ട് ചെയ്യണം. ഇത് നിയമാനുസരണം നിർബന്ധമാണ്. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ, കന്റോൺമെൻറ് ബോർഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷൻ യൂനിറ്റുകൾ. നിശ്ചിത ദിവസം കഴിഞ്ഞാൽ സംഭവദിവസം മുതൽ 30 ദിവസം വരെ രണ്ടു രൂപ പിഴയൊടുക്കി രജിസ്റ്റർ ചെയ്യാം.
കഴിഞ്ഞ വർഷം ജില്ലയിൽ 36057 (18309 ആൺ, 17748 പെൺ) ജനന രജിസ്ട്രേഷനും 24734 (13180 ആൺ, 11554 പെൺ) മരണ രജിസ്ട്രേഷനും 175 നിർജീവ ജനനവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ജനനം രജിസ്റ്റർ ചെയ്തത് തലശ്ശേരി നഗരസഭയിലും-6720, മരണം രജിസ്റ്റർ ചെയ്തിട്ടുള്ളത് കണ്ണൂർ കോർപറേഷനിലും-3443 ആണ്. കുട്ടിയുടെ പേര് ചേർക്കാതെ രജിസ്റ്റർ ചെയ്ത ജനനങ്ങളിൽ ഒരു വർഷത്തിനകം സൗജന്യമായും അതിനുശേഷം അഞ്ച് രൂപ ലേറ്റ് ഫീ ഒടുക്കിയും പേര് ചേർക്കാം.
1970നു മുമ്പുള്ള രജിസ്ട്രേഷനുകളിലെ തിരുത്തലുകൾക്കും ചീഫ് രജിസ്ട്രാറുടെ അനുമതി ആവശ്യമാണ്. ഇതു സംബന്ധിച്ച് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ അസി. കലക്ടർ അനൂപ് ഗാർഗ് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.എം ധനീഷ്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇ.വി പ്രേമരാജൻ, നഗരസഭകളിലെ ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.